കാളികാവ്: സംസ്ഥാനത്ത് മാവോവാദികൾ പ്രവർത്തനം കൂടുതൽ ഭദ്രമാക്കുന്നതായി സൂചന. നേതൃത്വം കൂടുതൽ ശക്തമാക്കി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പദ്ധതി. ആന്ധ്രാപ്രദേശിൽനിന്ന് മാവോവാദി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ സഞ്ജയ് ദീപക് റാവുവിനാണ് കേരളത്തിന്റെ ചുമതല നൽകിയിട്ടുള്ളത്.

മാവോവാദി കേന്ദ്ര സായുധസേനയുടെ കമാൻഡന്റു കൂടിയായ സഞ്ജയ് ദീപക് റാവു വയനാട്ടിൽ എത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കർണാടക സ്വദേശിയായ കേന്ദ്ര കമ്മിറ്റിയംഗം ബി.ജി. കൃഷ്ണമൂർത്തിക്കായിരുന്നു ഇതുവരെ ചുമതല.

തുടർച്ചയായി തിരിച്ചടികൾ നേരിട്ടതോടെയാണ് നേതൃമാറ്റം ഉൾപ്പടെയുള്ള നടപടിയിലേക്ക് മാവോവാദി കേന്ദ്രനേതൃത്വം തിരിഞ്ഞത്.

സംസ്ഥാനത്തുണ്ടായ ആദ്യത്തെ മാവോവാദി-പോലീസ് ഏറ്റുമുട്ടലോടെയാണ് തിരിച്ചടി തുടങ്ങിയത്. ബോംബ് നിർമാണം ഉൾപ്പെടെയുള്ള ആയുധ നിർമാണമേഖലയിൽ വിദഗ്ധനായ കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജിനായിരുന്നു നേതൃചുമതല. 2016 നവംബർ 24 ന് നിലമ്പൂർ വരയൻ മലയിൽ കുപ്പുദേവരാജ് വെടിയേറ്റ് മരിച്ചതോടെ തമിഴ്നാട് സംസ്ഥാന കമ്മിറ്റിയംഗം മണിവാസകത്തിന് താത്‌കാലിക ചുമതല കൈമാറി.

കർണാടകത്തിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം ബി.ജി കൃഷ്ണ മൂർത്തി ചുമതലയേറ്റ് കേരളത്തിലെത്തിയതോടെ മണിവാസകം അട്ടപ്പാടി മേഖല ഉൾക്കൊള്ളുന്ന ഭവാനി ദളത്തിലേക്ക് പ്രവർത്തനം മാറ്റി. 2019 സപ്തംബർ 29, 30 തിയ്യതികളിൽ പാലക്കാട് മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ മണിവാസകം അടക്കം പ്രമുഖർ മരിച്ചത് മാവോവാദി പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയായി. സായുധസേന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായിട്ടാണ് സഞ്ജയ് ദീപക് റാവുവിന്റെ നിയമനം.

ചുമതല മാറിയതോടെ കൃഷ്ണമൂർത്തി വയനാട്ടിൽനിന്ന് നാടുകാണി ദളത്തിലേക്ക് പ്രവർത്തനം മാറ്റിയിട്ടുണ്ട്. നേതൃനിരയിലുള്ളവർ ആദിവാസി കോളനി സന്ദർശനം അടക്കമുള്ള സംഘടന പ്രചാരണ പരിപാടികളിൽ പങ്കെടുക്കാറില്ല. നാലുദിവസംമുമ്പ് കൃഷ്ണമൂർത്തി പോത്ത്കല്ല് വാണിയമ്പുഴ ആദിവാസി കോളനിയിലെത്തിയിരുന്നു. കൃഷ്ണ മൂർത്തിയുടെ കോളനി സന്ദർശനം നേതൃനിരയിലുണ്ടായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.

സായുധ മേധാവി കൂടിയായ സഞ്ജയ് ദീപക് റാവുവിന്റെ വരവും കൃഷ്ണമൂർത്തയുടെ ആദിവാസികളിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനവും ഗുരുതരമായ പ്രശ്നമായിട്ടാണ് പോലീസ് കരുതുന്നത്. ആന്ധ്രയിൽനിന്നുള്ള നക്സൽ പ്രവർത്തകർ പോരാട്ടവീര്യം കൂടുതലുള്ളവരാണെന്നതാണ് കാരണം.

Content Highlights: New leadership for Maoists in Kerala