തിരുവനന്തപുരം: കേരളത്തിലെത്തിയ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാനത്ത് ഊഷ്മള സ്വീകരണം. വ്യാഴാഴ്ച രാവിലെ 8.30ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. പത്നി രേഷ്മാ ആരിഫിനൊപ്പമാണ് അദ്ദേഹം എത്തിയത്. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് ഗവർണറുടെ സത്യപ്രതിജ്ഞ.

രാവിലെ 8.30ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ നിയുക്ത ഗവർണറെ വിമാനത്താവളത്തിൽ മന്ത്രി ഡോ. കെ.ടി.ജലീൽ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി. ലോക്നാഥ് ബെഹ്റ, സതേൺ എയർ കമാൻഡ് എയർ ഓഫീസർ ഇൻ ചാർജ് എയർ മാർഷൽ ബി.സുരേഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ എത്തിയ അദ്ദേഹം പോലീസിന്റെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. ടെക്നിക്കൽ ഏരിയയിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, എ.കെ.ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കടകംപള്ളി സുരേന്ദ്രൻ, ചീഫ് വിപ്പ് കെ.രാജൻ, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ.സമ്പത്ത്, പാങ്ങോട് സൈനിക ക്യാമ്പ് സ്റ്റേഷൻ കമാൻഡന്റ് ബ്രിഗേഡിയർ സി.ജി.അരുൺ, ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, കാർഷികോത്പാദന കമ്മിഷണർ ഡോ. ഡി.കെ.സിങ്, തൊഴിൽ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്.സെന്തിൽ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ.കേശവൻ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, കമ്മിഷണർ എം.ആർ.അജിത്കുമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തിയിരുന്നു.

വിമാനത്താവളത്തിൽനിന്ന് രാജ്ഭവനിലെത്തിയ അദ്ദേഹത്തെയും ഭാര്യ രേഷ്മാ ആരിഫിനെയും രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ധൊഡാവത്ത് സ്വീകരിച്ചു. വൈകീട്ട് മൂന്നുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. മന്ത്രിമാർക്ക് വിമാനത്താവളത്തിലെത്തി നിയുക്ത ഗവർണറെ സ്വീകരിക്കുന്നതിനായി വ്യാഴാഴ്ചത്തെ മന്ത്രിസഭായോഗം വൈകിപ്പിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി വിമാനത്താവളത്തിൽ എത്തിയിരുന്നില്ല.

നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച രാവിലെ 11-ന് രാജ്ഭവൻ ഓഡിറ്റോറിയത്തിലാണ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ പങ്കെടുക്കും.

Content Highlights: new kerala governor arif mohammed khan to take oath on friday