തിരുവനന്തപുരം: മൂന്നര പതിറ്റാണ്ടിനുശേഷം ദേശീയ വിദ്യാഭ്യാസ നയത്തിൽ കാതലായ മാറ്റംവരുമ്പോൾ സംസ്ഥാനത്തെ സ്കൂൾ, കോളേജ് തല വിദ്യാഭ്യാസത്തിന്റെ അലകുംപിടിയും മാറും. വിയോജിപ്പുകൾ ഏറെയുണ്ടെങ്കിലും ദേശീയതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോട് കേരളത്തിനു മാത്രമായി മാറിനിൽക്കാനാകില്ല. അതുകൊണ്ടുതന്നെ നയപരമായ എതിർപ്പ് നിലനിർത്തി പരിഷ്‌കാരങ്ങൾ നടപ്പാക്കുകയെന്ന നിലപാടാണ് സംസ്ഥാനസർക്കാർ സ്വീകരിക്കുക.

ഒറ്റയ്ക്കുനിന്നാൽ അയോഗ്യത

ദേശീയതലത്തിൽ നടത്തുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോട് കേരളത്തിനു മാത്രമായി അകലംപാലിക്കാനാകില്ല. മാറ്റംവന്ന വിദ്യാഭ്യാസ ഘടനയനുസരിച്ചായിരിക്കും ദേശീയതലത്തിൽ സ്‌കൂൾ, കോളേജ് പ്രവേശനം. ഇടയ്ക്ക് സംസ്ഥാനം മാറി സ്‌കൂൾ, കോളേജ് പഠനം തുടരേണ്ടവർക്ക് പ്രയാസം നേരിടും. ഉന്നതവിദ്യാഭ്യാസത്തിനു ചേരുന്ന കുട്ടിയുടെ യോഗ്യത പുതിയ പാഠ്യക്രമപ്രകാരം നിശ്ചയിക്കുമ്പോൾ പഴയ സമ്പ്രദായത്തിൽ പഠനം നടത്തിയാൽ അയോഗ്യതവരാം. ജോലിക്കുള്ള യോഗ്യതയ്ക്കും സമാന പ്രശ്നമുണ്ട്.

സഹായധനം മുടങ്ങും

വിയോജിച്ചുനിന്നാൽ കേന്ദ്രസർക്കാർ നൽകുന്ന വലിയ ഫണ്ടിങ്ങിൽനിന്ന് കേരളം പുറത്താകും. പുതിയ സഹായധന പദ്ധതികളെല്ലാം പുതിയ സ്‌കീമുകൾക്ക് അനുസൃതമായിട്ടാകും. എസ്.എസ്.എ., റൂസ, സംസ്ഥാനത്തിനും സർവകലാശാലയ്ക്കും കോളേജുകൾക്കുമുള്ള യു.ജി.സി. സഹായം എന്നിവയെല്ലാം കേരളത്തിന് പരിമിതപ്പെടും. ആഭ്യന്തര ഉത്‌പാദനത്തിന്റെ ആറുശതമാനം വിദ്യാഭ്യാസത്തിനു ചെലവഴിക്കുമെന്ന കേന്ദ്രപ്രഖ്യാപനം നടപ്പായാൽ വരുന്ന നഷ്ടം നികത്താൻ സംസ്ഥാനത്തിനാകില്ല.

കേരളത്തിന്റെ വിമർശനം

രാജ്യമൊട്ടുക്കും ഒറ്റ പാഠ്യപദ്ധതിയും പുസ്തകവുമെന്ന് നയത്തിൽ പരോക്ഷമായി പറയുന്നു. അങ്ങനെയെങ്കിൽ പാഠപുസ്തകങ്ങളുമായി വിവിധ പുസ്തകപ്രസാധകർ രംഗത്തെത്തും. പുസ്തകക്കച്ചവടം സർക്കാർ മേഖലയിൽനിന്ന് സ്വകാര്യ സംരംഭകരിലെത്തുമ്പോൾ വിലയും പതിന്മടങ്ങാകും.

സാഹചര്യങ്ങൾ കണക്കിലെടുത്തുള്ള പാഠ്യപദ്ധതിക്ക് രൂപംനൽകാൻ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അധികാരം തിരിച്ചെടുക്കുന്നുവെന്ന വിമർശനം കേരളത്തിനുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണത്തിലൂടെ വർഗീയ അജൻഡ പുസ്തകത്താളുകളിൽ കടന്നുവരുമെന്നാണ് കേരള സർക്കാരിന്റെ സംശയം.

നടപ്പാക്കുക നിയമംവഴി

കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിർമാണ അധികാരമുള്ള കൺകറന്റ് പട്ടികയിൽപ്പെട്ടതാണെങ്കിലും കേന്ദ്ര നിയമമുണ്ടെങ്കിൽ അതിനാണ് നിലനിൽപ്പ്‌. നിയമം സംസ്ഥാനങ്ങൾക്ക് സ്വമേധയാ ബാധകം. നടപ്പാക്കിയില്ലെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെടുന്ന ആനുകൂല്യം ചൂണ്ടിക്കാട്ടി ആർക്കും കോടതിയിൽ പോകാം. ഈ വർഷംതന്നെ നിയമം ഓർഡിനൻസായി നടപ്പാക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തിൽ നിയമനിർമാണത്തിന് സമയം അനുവദിച്ചേക്കും.