: കർഷകർ ബ്ലോക്ക് റബ്ബറിലേക്ക് (ടെക്‌നിക്കലി സ്പെസിഫൈഡ് റബ്ബർ-ചിരട്ടപ്പാലും മറ്റും സംസ്കരിച്ച് പാൽക്കട്ടി ഉണ്ടാക്കുന്ന രീതി) അടിയന്തരമായി മാറണമെന്ന കരടുനയത്തിലെ നിർദേശത്തിൽ കർഷകർക്ക് ആശങ്ക.

ബ്ലോക്ക് റബ്ബറിന് നമ്മുടെ ഷീറ്റ് റബ്ബറിന്റെ ഗുണനിലവാരമില്ലെന്ന് ഒരുവിഭാഗം പറയുന്നു. വില കുറച്ചുകിട്ടുന്നതിനാലാണ് അവ വ്യവസായികൾ ഇറക്കുമതി ചെയ്യുന്നതെന്ന് റബ്ബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് പറഞ്ഞു. ബ്ലോക്ക് റബ്ബർ വ്യാവസായികാടിസ്ഥാനത്തിലേ ഉണ്ടാക്കാൻ കഴിയൂ. പാൽ ഷീറ്റാക്കുന്ന മൂല്യവർധന ഇല്ലാതാകും. കർഷകൻ വ്യവസായിയുടെ ആശ്രിതനാകും -അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിൽ ഉപഭോക്താക്കളും വ്യവസായികളും റബ്ബർ ഷീറ്റിനെക്കാൾ ബ്ലോക്ക് റബ്ബറിനെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇറക്കുമതിയുടെ 80 ശതമാനവും ബ്ലോക്ക് റബ്ബറായതിനാൽ കർഷകരും അതിലേക്ക് മാറാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം. കേരളത്തിലെ ഭൂരിപക്ഷം കർഷകരും ഷീറ്റാണുണ്ടാക്കുന്നത്.

ഷീറ്റടിക്കൽ, പുകപ്പുര തുടങ്ങിയ സംവിധാനങ്ങൾ കാലങ്ങളായി തുടരുന്നതായതിനാൽ ബ്ലോക്ക് റബ്ബറിലേക്കുള്ള മാറ്റം പടിപടിയായി നടത്താനാണ് നിർദേശം. കച്ചവടക്കാർ ഷീറ്റ് നോക്കി നിലവാരം നിശ്ചയിച്ച് വിലയിടിക്കുന്നത് ഇതിലൂടെ തടയാമെന്നതും ഗുണകരമാണെന്ന് പറയുന്നു.

സാധാരണ കർഷകർക്ക് കൂടുതൽ വിലകിട്ടാനുള്ള അവസരം, ഇൻഷുറൻസ്, സബ്‌സിഡി എന്നിവ നടപ്പാക്കണമെന്ന് നയം നിർദേശിക്കുന്നുണ്ട്. ഇറക്കുമതി തുടരുമ്പോൾ നാട്ടിലെ കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കണം. റബ്ബർ സംസ്കരണത്തിനും വ്യാപാരത്തിനും റബ്ബറുത്പാദക സംഘങ്ങൾ (ആർ.പി.എസ്.) പോലെയുള്ള കർഷകരുടെ കൂട്ടായ്മകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് നബാർഡുമായി ആലോചിച്ച് തീരുമാനിക്കും. റബ്ബർ ലേലംചെയ്ത് വിൽക്കുന്ന രീതിയും ആലോചിക്കും. ഇതും കർഷകർക്ക് ഗുണം ചെയ്യുമെന്നാണ് നയത്തിൽ പ്രതീക്ഷിക്കുന്നത്.

എന്നാൽ, മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികൾ ഇല്ലാത്ത റബ്ബർ നയം തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാറിയെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി.

Content Highlights: need to change block Rubber model National Rubber policy