തിരുവനന്തപുരം: സംസ്ഥാനത്തെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും പൊതുനിയമം വേണമെന്ന് നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ. റെസിഡന്റ്‌സ് അസോസിയേഷനുകൾക്ക് കോർപ്പറേഷൻ, ജില്ല, സംസ്ഥാന തലങ്ങളിൽ ഫെഡറേഷനുകൾ വേണം. നിയമത്തിന്റെ കരട് കമ്മിഷൻ സർക്കാരിന് സമർപ്പിച്ചു.

പ്രതിമാസ നിക്ഷേപ പദ്ധതികളും ലഘുനിക്ഷേപ പദ്ധതികളും ചെറുകിട വായ്പകളും നൽകാൻ അസോസിയേഷനുകളെ അനുവദിക്കണം. അംഗങ്ങളുടെ കെട്ടിട നികുതി, വെള്ളക്കരം, വൈദ്യുതി ചാർജ് എന്നിവ പിരിച്ച് അടയ്ക്കാനും അനുവദിക്കണം. ഇതിന് സർവീസ് ചാർജ് ഈടാക്കാം. സർക്കാർപദ്ധതികളിൽ റെസിഡന്റ്‌സ് അസോസിയേഷനുകൾ പങ്കാളിത്തം ഉറപ്പാക്കണമെന്നും ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ കമ്മിഷൻ വ്യക്തമാക്കുന്നു.

കരടിൽ പറയുന്നത്

* റെസിഡന്റ്‌സ് അസോസിയേഷനുകൾ തദ്ദേശ സ്ഥാപനങ്ങൾ മുഖേന രജിസ്റ്റർ ചെയ്തിരിക്കണം.

* തദ്ദേശ സ്ഥാപനത്തിന്റെ സെക്രട്ടറിമാരായിരിക്കും രജിസ്ട്രാർ.

* കുറഞ്ഞത് 50 വീടുകൾ ചേർന്ന് ബൈലോയുടെ അടിസ്ഥാനത്തിൽ അസോസിയേഷൻ രജിസ്റ്റർ ചെയ്യാൻ അപേക്ഷിക്കാം.

* ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ അസോസിയേഷനിൽനിന്നുള്ള ഓരോ അംഗങ്ങൾ വീതമായിരിക്കും ജില്ലാ റെസിഡന്റ്‌സ് അസോസിയേഷനിലെ പ്രതിനിധികൾ.

* മുനിസിപ്പൽ കോർപ്പറേഷനുകളിലെ വാർഡുകളിലെ അസോസിയേഷനുകളുടെ ഓരോ പ്രതിനിധി ഉൾപ്പെടുന്നതാണ് മുനിസിപ്പൽ കോർപ്പറേഷൻ റെസിഡന്റ്‌സ് ഫെഡറേഷൻ.

* ജില്ല, മുനിസിപ്പൽ കോർപ്പറേഷൻ ഫെഡറേഷനുകളിൽനിന്നുള്ളവർ ചേരുന്നതായിരിക്കും സംസ്ഥാന ഫെഡറേഷന്റെ ജനറൽ കൗൺസിൽ. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 21 അംഗ സമിതി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഫെഡറേഷൻ ഭരിക്കും.

* തിരുവനന്തപുരം ആയിരിക്കും സംസ്ഥാന ഫെഡറേഷന്റെ ആസ്ഥാനം.

* അസോസിയേഷനുകളുടെയും ഫെഡറേഷന്റെയും മാനേജിങ് കമ്മിറ്റികളുടെ കാലാവധി രണ്ടുവർഷം.

* കണക്കുകൾ തദ്ദേശവകുപ്പിന് പരിശോധിക്കാം. പരാതി കിട്ടിയാൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കാം.

ഏകീകൃത നിയമമില്ല

സംസ്ഥാനത്ത് റെസിഡന്റ്‌സ് അസോസിയേഷനുകൾക്ക് ഇപ്പോൾ ഏകീകൃത നിയമമില്ല. തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് 1955-ലെ ചാരിറ്റബിൾ സൊസൈറ്റീസ് നിയമപ്രകാരവും മലബാറിൽ 1860-ലെ സൊസൈറ്റീസ് നിയമപ്രകാരവുമാണ് പ്രവർത്തിക്കുന്നത്. ഏകീകൃത നിയമത്തിന്റെ അഭാവത്തിൽ ഒട്ടേറെ ചൂഷണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് നിയമനിർമാണത്തിന് ശുപാർശ ചെയ്യുന്നതെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു.