നെടുങ്കണ്ടം: പഠനത്തിന്റെ പേരില്‍ കുട്ടിത്തം മാതാപിതാക്കള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികളെ ഓടിച്ചാടി നടക്കാനും മണ്ണില്‍ കളിക്കാനും അനുവദിക്കണം.

ഇന്നത്തെ സമൂഹത്തില്‍ അതിനൊന്നും കുട്ടിക്ക് സമയം കിട്ടാത്തത് നമ്മള്‍ അടിച്ചേല്‍പ്പിക്കുന്ന ചില സമ്പ്രദായങ്ങള്‍കൊണ്ടാണ്. ഇതിന് മാറ്റം വരുത്താനാണ് സര്‍ക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുങ്കണ്ടം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ സമയം നീക്കിവയ്ക്ക

ണം. പഠനം ശ്രദ്ധിക്കുന്നതോടൊപ്പം ഇവരുടെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗങ്ങളും ശ്രദ്ധിക്കണം. വിദ്യാര്‍ഥികളെ ലക്ഷ്യംെവച്ച് മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്നവരെ തുരത്താന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കണം-മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ ക്ലാസോടെയാണ് ചടങ്ങ് തുടങ്ങിയത്. രക്ഷാകര്‍തൃ പരിശീലനത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്ക് നല്‍കുന്ന ബ്രോഷറിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രി എം.എം.മണി അദ്ധ്യക്ഷത വഹിച്ചു.

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, കല്ലാര്‍ ഗവ.സ്‌കൂള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ നല്‍കിയ പരേഡ് സല്യൂട്ട് സ്വീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വേദിയിലേക്കെത്തിയത്.