നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടിയ ഒരു കോടി രൂപയുടെ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത് കര്‍ണാടക ഭട്കല്‍ സ്വദേശിയെന്ന് സംശയം. കള്ളക്കടത്ത് സംഘത്തിന്റെ കേന്ദ്രമാണ് ഭട്കല്‍. അതുകൊണ്ടുതന്നെ സ്വര്‍ണം പിടികൂടുന്നതിനു മുമ്പേ തന്നെ ഭട്കല്‍ സ്വദേശിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
 
എന്നാല്‍ ഇയാള്‍ വിദഗ്ദ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ പുറത്തുകടന്ന ശേഷമാണ് സംശയം തോന്നി കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം വിമാനത്തില്‍ പരിശോധന നടത്തിയത്. വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തപ്പോഴേക്കും ആള്‍ മുങ്ങിയിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 12.30 ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ നിന്നാണ് 3.6 കിലോ ആഭരണങ്ങള്‍ പിടികൂടിയത്. ടോയ്‌ലെറ്റിലെ പാനലിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഭട്കല്‍ സ്വദേശിയുടെ കൈവശം ഹാന്‍ഡ് ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളു.
 
അതില്‍ സംശയിക്കത്തക്കതായി ഒന്നും ഉണ്ടായിരുന്നുമില്ല. ഇയാളുടെ ഫോണിലെ മെസേജുകള്‍ പലതും കൊങ്കണി ഭാഷയിലായിരുന്നു. അര മണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും കള്ളക്കടത്തുമായി ബന്ധപ്പെട്ട ഒരു സൂചനയും കിട്ടാതെ വന്നതിനാല്‍ വിട്ടയയ്ക്കാന്‍ കസ്റ്റംസ് നിര്‍ബന്ധിതരായി.

തനിക്ക് ദുബായില്‍ വസ്ത്ര വ്യാപാരമാണെന്നാണ് ഇയാള്‍ കസ്റ്റംസിന് മൊഴി നല്‍കിയത്. എന്നാല്‍ ഗള്‍ഫിലെ ഒരു ഡയമണ്ട് വില്പനശാലയുടെ പ്രതിനിധിയാണ് ഇയാളെന്ന്  കസ്റ്റംസിന് സൂചന കിട്ടി. തുടര്‍ന്നാണ് ഇയാള്‍ എത്തിയ വിമാനത്തില്‍ കസ്റ്റംസ് പരിശോധന നടത്തിയത്.

വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലില്‍ ആണ് തങ്ങുന്നതെന്നാണ് കസ്റ്റംസിന് ഇയാള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ സ്വര്‍ണം പിടികൂടിയ ശേഷം ഇയാളെ തേടി കസ്റ്റംസ് ഹോട്ടലില്‍ എത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല.
ഇയാളെ പിടികൂടുന്നതിനായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയേക്കും.