കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേരളത്തിലെ എൻ.ഡി.എ. സംവിധാനം തളർന്നു. പരാജയം വിലയിരുത്താൻ യോഗംചേരാൻപോലും സാധിച്ചിട്ടില്ല. നേതാക്കളെ ഫോണിൽപോലും കിട്ടാനില്ലെന്നാണ് ഘടകകക്ഷികൾ പരാതിപ്പെടുന്നത്. അവലോകനം നടത്താത്തതിൽ ബി.ജെ.പി.ക്കുള്ളിലും ശക്തമായ അമർഷമുണ്ട്.

ബി.ഡി.ജെ.എസിന്റെ പ്രകടനത്തിലുള്ള പ്രതിഷേധവും അമർഷവും അവരെ ഔദ്യോഗികമായിത്തന്നെ അറിയിക്കണമെന്ന ആവശ്യമാണ് താഴെത്തട്ടിൽ ബി.ജെ.പി.യിലുള്ളത്. ബി.ഡി.ജെ.എസിന് നൽകിയ സീറ്റുകളിൽ പലയിടത്തും വോട്ടുകൾ നന്നെ കുറഞ്ഞു. സ്ഥാനാർഥികൾപോലും പലയിടത്തും വേണ്ടരീതിയിൽ പ്രചാരണത്തിനിറങ്ങിയില്ലെന്ന ആക്ഷേപമുണ്ട്. കോതമംഗലം, കുണ്ടറ, വാമനപുരം മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്. വളരെ ദുർബലമായി. കുട്ടനാട്, റാന്നി, വൈക്കം, തിരുവല്ല, പറവൂർ, കളമശ്ശേരി, കൈപ്പമംഗലം തുടങ്ങിയ സീറ്റുകളിലും പ്രകടനം വളരെ മോശമായി. ഈ സീറ്റുകളൊന്നും അവർക്ക് വിട്ടുകൊടുക്കേണ്ടതില്ലായിരുന്നുവെന്ന വികാരം ബി.ജെ.പി.യിൽ ശക്തമാണ്.

ബി.ഡി.ജെ.എസിന്റെ സ്ഥാനാർഥികളായി പ്രബല ഈഴവസമുദായ നേതാക്കൾ വരാതിരുന്നതും മുന്നണിവോട്ടുകൾ കുറച്ചു. ബി.ഡി.ജെ.എസ്. പിളർന്നിട്ടുപോലും ഇത്രയധികം സീറ്റുകൊടുത്തത് ബി.ജെ.പി.യെ ക്ഷീണിപ്പിക്കുന്ന നടപടിയായിപ്പോയെന്നും പാർട്ടിക്കുള്ളിൽ ചർച്ചയുണ്ട്. ബി.ഡി.ജെ.എസ്. മത്സരിച്ച സീറ്റുകളിലെ ബി.ജെ.പി. മണ്ഡലം കമ്മിറ്റികളും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.

ബി.ജെ.പി. ജില്ലാ തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലെല്ലാം ബി.ഡി.ജെ.എസിനുനേരെ രൂക്ഷവിമർശനമുണ്ടായി. ചിലയിടങ്ങളിൽ ബി.ഡി.ജെ.എസ്. ഇടതുപക്ഷത്തിന് വോട്ടുമറിച്ചുവെന്ന ആരോപണവും ഉയർന്നു. ഇത്തരമൊരു മുന്നണിസംവിധാനം പാർട്ടിക്ക് ആവശ്യമില്ലെന്ന വിമർശനവുമുണ്ടായി. സുൽത്താൻ ബത്തേരിയിൽ സി.കെ. ജാനുവിനെയും കോവളത്ത് വിഷ്ണുപുരം ചന്ദ്രശേഖരനെയും താമരചിഹ്നത്തിൽ മത്സരിപ്പിച്ചതടക്കമുള്ള കാര്യങ്ങളിലും പാർട്ടിക്കുള്ളിൽ പ്രതിഷേധമുണ്ട്.