കൊച്ചി: നേതാക്കൾ തമ്മിലുള്ള തർക്കം മൂക്കുന്നതിനിടയിൽ എൻ.സി.പി. മന്ത്രിയെ പതിനെട്ടിന് തീരുമാനിക്കും. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽച്ചേരുന്ന ഭാരവാഹിയോഗത്തിൽ മന്ത്രിയെ പ്രഖ്യാപിക്കും.

സി.പി.എമ്മുമായി തിങ്കളാഴ്ച നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മന്ത്രി ആരെന്ന് മേയ് 18-ന് അറിയിക്കണമെന്ന് എൻ.സി.പി.യോട് നിർദേശിച്ചിരിക്കുകയാണ്. എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനുംവേണ്ടി നേതാക്കൾ രണ്ടുതട്ടിലായിനിന്ന് ചരടുവലികൾ നടത്തുകയാണ്.

മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന ജനറൽ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനും എതിരേ നടപടിയെടുക്കാൻ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ തയ്യാറെടുക്കുന്നതാണ് പുതിയ നീക്കം. സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിക്കും എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസിനുമാണ് പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്.

മാണി സി. കാപ്പൻ രാഷ്ട്രീയമായി പരാജയപ്പെട്ടുവെന്ന എ.കെ. ശശീന്ദ്രന്റെ പ്രസ്താവനയ്ക്കുപിന്നാലെ കാപ്പനെ പിന്തുണച്ച്‌ പീതാംബരൻ മാസ്റ്ററിന്റെ പ്രസ്താവനവന്നു. എൻ.സി.പി.യിലെ ശശീന്ദ്രൻ അനുകൂലികൾ ഇതിനെ എതിർത്ത് രംഗത്തിറങ്ങിയതോടെ നേതാക്കൾ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻതന്നെ പീതാംബരൻ മാസ്റ്ററെ തിരുത്തി. പ്രസിഡന്റിന്റെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു രാജന്റെ വിശദീകരണം.