മലപ്പുറം: നക്‌സല്‍ വിരുദ്ധസേനാ രൂപവത്കരണത്തിനുള്ള പരിശീലന പരിപാടിയില്‍നിന്ന് പോലീസുകാര്‍ ഒഴിവാകുന്നു. ഊട്ടിയിലെ കൂനൂരില്‍ ചൊവ്വാഴ്ച മുതലാണ് പരിശീലനം തുടങ്ങുന്നത്. പരിശീലനത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്ക് അറിയിപ്പ് ലഭിക്കും മുന്പുതന്നെ പട്ടിക പുറത്തായതോടെ ഒട്ടേറെ പോലീസുകാര്‍ മെഡിക്കല്‍ ലീവെടുത്തു.

മാവോവാദി ഭീഷണി ശക്തമായ സാഹചര്യത്തിലാണ് നക്‌സല്‍വിരുദ്ധ സേന രൂപവത്കരിച്ചത്. എല്ലാ ജില്ലകളിലെയും താത്പര്യമുള്ള പോലീസുകാരെ പരിശീലനത്തില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ 200-ഓളം പേര്‍ താത്പര്യമില്ല എന്ന് എഴുതിക്കൊടുത്തു. ആള്‍ക്ഷാമം നേരിട്ടതോടെയാണ് മാവോവാദി ഭീഷണി നേരിടുന്ന ജില്ലകളിലെ പോലീസുകാരെത്തന്നെ നിയോഗിക്കാന്‍ ഡി.ജി.പി. ഉത്തരവിട്ടത്.

മാവോവാദി ഭീഷണി നേരിടുന്ന മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുത്ത പോലീസുകാരെയാണ് ഡി.ജി.പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പരിശീലനത്തിന് നിയോഗിച്ചത്. ഊട്ടിയിലെ കൂനൂരില്‍ 28 ദിവസമാണ് പരിശീലനം. മൂന്നുഘട്ടമായി നടക്കുന്ന പരിശീലത്തില്‍ കര്‍ണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും പോലീസുകാര്‍ പങ്കെടുക്കുന്നുണ്ട്.

വെടിവെപ്പ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്തുനിന്ന് 90 പേരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ ആദ്യബാച്ചില്‍പ്പെടുന്ന കുറേപ്പേര്‍ ഇതിനകം ലീവില്‍ പ്രവേശിച്ചു. വയനാട്ടില്‍നിന്ന് 75 പേരുണ്ട്. ഇന്ത്യന്‍ ആര്‍മിയിലെ കമാന്‍ഡോകളാണ് പരിശീലനം നല്‍കുക. ഇതുകഴിഞ്ഞാല്‍ അഞ്ചുദിവസം കാടിനെ അറിയാനുള്ള പരിശീലനവുമുണ്ട്.

മുന്‍കാലങ്ങളില്‍ കെ.എ.പി, എം.എസ്.പി, എ.ആര്‍ ബറ്റാലിയനുകളിലുള്ളവരെയാണ് ഇത്തരം പരിശീലനങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നതെന്ന് പോലീസുകാര്‍ പറയുന്നു. അതില്‍ത്തന്നെ പുതിയ ബാച്ചിലെ ചെറുപ്പക്കാരായിരുന്നു കൂടുതലും. എന്നാല്‍ ഇത്തവണ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലുള്ളവരും ഒരുപാടുണ്ട്.

മുമ്പ് 30 വയസ്സുവരെയുള്ളവരെയാണ് തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇക്കുറി അത് 38 വയസ്സാക്കി ഉയര്‍ത്തി. സ്വാഭാവികമായും കുടുംബവും പ്രാരാബ്ധവുമുള്ളവരായി കൂടുതലും. മാത്രമല്ല പരിശീലനം കഴിഞ്ഞാല്‍ രണ്ടുവര്‍ഷമെങ്കിലും മാവോവാദിഭീഷണിയുള്ള പോലീസ് സ്റ്റേഷനുകളില്‍ ജോലിചെയ്യണം. ഇത്തരം സാഹചര്യങ്ങളാണ് ഒട്ടേറെ അധിക ആനുകൂല്യങ്ങളുണ്ടായിട്ടും പോലീസുകാര്‍ പരിശീലനത്തില്‍നിന്ന് പിന്തിരിയാന്‍ കാരണം.