കോഴിക്കോട്: മാതൃഭൂമി മാനേജിങ് ഡയറക്ടറും ചെയർമാനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന് 84-ാം പിറന്നാളിൽ ഹൃദയാദരം നേർന്ന് ദേശീയരംഗത്തെ പ്രമുഖർ. മാതൃഭൂമി ഒരുക്കിയ ‘എം.പി. വീരേന്ദ്രകുമാർ എ വെർച്വൽ ട്രിബ്യൂട്ട്’ എന്ന ഓൺലൈൻ അനുസ്മരണമാണ് അദ്ദേഹത്തിന് സ്മരണാഞ്ജലിയായത്.ഗ്രന്ഥകാരൻ, പ്രഭാഷകൻ, രാഷ്ട്രീയപ്രവർത്തകൻ, പാർലമെന്റേറിയൻ, ഭരണാധികാരി, മാധ്യമവ്യക്തിത്വം, പരിസ്ഥിതിപ്പോരാളി, യാത്രികൻ എന്നിങ്ങനെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളിലേക്കുള്ള സഞ്ചാരമായി ഈ പരിപാടി.

ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. വികസനവും പരിസ്ഥിതിയും ഒരുമിച്ചുകൊണ്ടുപോകുന്നതിനെക്കുറിച്ച് വ്യക്തമായ ദർശനമുണ്ടായിരുന്ന നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം എല്ലാവരും അദ്ദേഹത്തെ ആദരിച്ചു. പൗരന്മാരുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ അദ്ദേഹത്തിന് ഇടപെടുന്ന കാര്യങ്ങളിൽ പൂർണ സമർപ്പണമുണ്ടായിരുന്നു. മഹാമാരിയുടെ കാലത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാൻ മാധ്യമങ്ങൾ അങ്ങേയറ്റം കരുതൽ കാണിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള, രാഹുൽഗാന്ധി എം.പി., സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നടൻ കമൽഹാസൻ, നടി ജയപ്രദ, പരിസ്ഥിതിപ്രവർത്തക വന്ദനശിവ, എൻ. റാം(ദി ഹിന്ദു), പി.ടി.ഐ. മുൻ ചെയർമാൻ എച്ച്.എൻ. കാമ, ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ (ഐ.എ.എ.) ഗ്ലോബൽ ചെയർമാൻ ശ്രീനിവാസസ്വാമി എന്നിവർ സംസാരിച്ചു.

ജയറാം രമേഷ് എം.പി. ആമുഖഭാഷണം നടത്തിയ ചടങ്ങിന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ നന്ദിപറഞ്ഞു. മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറും സന്നിഹിതനായിരുന്നു. പരിപാടി മാതൃഭൂമി ഫെയ്‌സ്ബുക്ക് പേജിലും യുട്യൂബ് ലൈവിലും തത്സമയം ലഭ്യമായിരുന്നു.

Content Highlight: National leaders pays tribute to late MP Veerendra Kumar