തൃശ്ശൂർ: തീവ്രവാദസ്വഭാവമുള്ള ചർച്ചകൾ നടക്കുന്നുവെന്ന സംശയത്തെത്തുടർന്ന് സാമൂഹികമാധ്യമമായ ക്ലബ്ബ് ഹൗസ് പ്ലാറ്റ്‌ഫോം കേന്ദ്ര അന്വേഷണ ഏജൻസികളും ശക്തമായ നിരീക്ഷണത്തിലാക്കി. കേരള പോലീസിലെ സൈബർവിഭാഗം ക്ലബ്ബ് ഹൗസിനെ നിരീക്ഷണവലയിലാക്കിയിരുന്നു. ഇന്റലിജൻസ് ബ്യൂറോ, എൻ.ഐ.എ., മിലിറ്ററി ഇന്റലിജൻസ് എന്നിവയാണ് നിരീക്ഷണം ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 10 ദിവസമായി ക്ലബ്ബ് ഹൗസിൽ ക്ലോസ്ഡ് റൂമുകളുണ്ടാക്കി തീവ്രവാദസ്വഭാവമുള്ള ചർച്ചകൾ നടക്കുന്നതായി ഒരു ഏജൻസിക്ക് വിവരം കിട്ടിയിട്ടുണ്ട്. ഈ ഏജൻസിയുടെ നിരന്തരനിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുന്നത്. സ്ത്രീകളെയും ഉൾപ്പെടുത്തിയുള്ള ചർച്ചകളാണ് നടക്കുന്നത്. തൃശ്ശൂർ ജില്ലയിലെ തീരദേശത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിലാണിത്.

ഇത്തരത്തിൽ ഒരു ചർച്ച ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന വിവരം കഴിഞ്ഞയാഴ്‌ച മിലിറ്ററി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ നടക്കുന്ന ക്ലോസ്ഡ് റൂം ചർച്ചകളിൽ പങ്കെടുത്തതായി വിവരം കിട്ടിയവരെ നിരന്തരമായി ഏജൻസികൾ പിന്തുടരുന്നുമുണ്ട്.