തൃശ്ശൂർ: രാജ്യമൊട്ടുക്കും ലോറി ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമാണെന്ന് കേന്ദ്രത്തിനും ബോധ്യപ്പെട്ടു. നാഷണൽ പെർമിറ്റ് ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന നിബന്ധന അതോടെ കേന്ദ്രം റദ്ദാക്കി. 1989-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലാണ് ദേദഗതി വരുത്തിയത്. എത്ര ദൂരെയുള്ള യാത്രയായാലും ഇനിമുതൽ ഒരു ഡ്രൈവർ മതി.

2016 ജനുവരി ഒന്നുമുതലാണ് വാണിജ്യവാഹനങ്ങളിൽ രണ്ട് ഡ്രൈവർമാർ നിർബന്ധമാക്കിയത്. രണ്ടുപേരെയും യോഗ്യത നോക്കി നിയമിക്കേണ്ടത് ഉടമയുടെ ചുമതലയായിരുന്നു.

അപകടങ്ങൾ കുറയ്ക്കാനും ജോലിഭാരം ലഘൂകരിക്കാനും സഹായകമായിരുന്നു രണ്ട് ഡ്രൈവർ സമ്പ്രദായം. എന്നാൽ, ഇപ്പോൾ ലോറി ഡ്രൈവർമാർ ആകാൻ ആളില്ലാത്ത അവസ്ഥയാണ്. വരുമാനക്കുറവാണ് പ്രധാന പ്രശ്‌നം. ജോലിയുടെ കാഠിന്യവും തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും യുവാക്കളെ ഇതിൽനിന്ന് അകറ്റുന്നു. ദിവസങ്ങളോളം വീട്ടിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നതും താത്‌പര്യക്കുറവിന് കാരണമാണ്.

നിശ്ചിത ശമ്പളം എന്ന വ്യവസ്ഥ ഇപ്പോൾ വൻകിട ലോറിക്കമ്പനികളിൽ മാത്രമാണുള്ളത്. മിക്കയിടങ്ങളിലും ഓട്ടത്തിന് അനുസരിച്ച് കൂലി എന്ന വ്യവസ്ഥയാണ്. ലോറിവാടകയുടെ 20 ശതമാനം വരെയാണ് കൂലി. ഓട്ടമില്ലെങ്കിൽ മിക്കപ്പോഴും കൂലിയില്ലാത്ത അവസ്ഥയാണ്.

ക്ലീനർ മുമ്പേ പോയി

വരുമാനം കുറഞ്ഞതോടെ ലോറികളിൽനിന്ന് ക്ലീനർമാർ ഒഴിവായി. ഡ്രൈവർക്കും ക്ലീനർക്കും ചേർത്താണ് വാടകയുടെ 20% കൂലിയായി നൽകിയിരുന്നത്. ക്ലീനറെ ഒഴിവാക്കി ആ ജോലികൂടി ഇപ്പോൾ ഡ്രൈവർമാരാണ് ചെയ്യുന്നത്. സംസ്ഥാനങ്ങൾക്കുള്ളിൽ ഓടുന്ന ലോറിയിലെ സ്ഥിതിയാണിത്.

വരുമാനം കുറഞ്ഞ് ക്ലീനർമാരെ കിട്ടാതായ അവസ്ഥയിലേക്കാണ് ഡ്രൈവർമാരുടെയും പോക്ക്. ഇക്കാര്യം തിരിച്ചറിഞ്ഞാണ് കേന്ദ്ര മോട്ടോർ വാഹനനിയമത്തിൽ ലോറികളിലെ ഇരട്ടഡ്രൈവർ സമ്പ്രദായം നിർത്തലാക്കിയത് എന്നറിയുന്നു.

രാജ്യത്ത് 77 ലക്ഷം വാണിജ്യവാഹനങ്ങൾ

രാജ്യത്ത് 77 ലക്ഷം വാണിജ്യവാഹനങ്ങളാണുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹനവകുപ്പുകളിൽനിന്നുള്ള ക്രോഡീകരിച്ച കണക്കുപ്രകാരമാണിത്. രാത്രിയിലെ ദീർഘദൂരയാത്രകളിൽ ഒറ്റ ഡ്രൈവർ എന്ന പരിഷ്‌കാരം സുരക്ഷയ്ക്ക് വെല്ലുവിളിയുമാണ്.

Content Highlights: natioanal permit lorry-driver