ബാക്കി എഴുതാനുള്ള കടലാസും പേനയും എഴുത്തുമുറിയിൽ തനിക്കായി വെച്ചിട്ടാണ് നന്ദകുമാർ പോയതെന്ന് ആശയ്ക്ക് അറിയാമായിരുന്നു. അങ്ങനെ വലിയൊരു സ്വപ്‌നത്തിന്റെ ബാക്കി അവർ പൂരിപ്പിച്ചു, മരണത്തെ അതിജീവിച്ചൊരു സിനിമ പിറന്നു...

അന്തരിച്ച സംവിധായകനും ചലച്ചിത്രവികസന കോർപ്പറേഷൻ ജീവനക്കാരനുമായിരുന്ന നന്ദകുമാർ കാവിലിന്റെ ഭാര്യ ആശാപ്രഭയാണ് ഭർത്താവ് പാതിവഴിലാക്കിയ തിരക്കഥ പൂർത്തിയാക്കി സിനിമ സംവിധാനംചെയ്ത് പുറത്തിറക്കിയത്. ടൈറ്റിൽ കാർഡിൽ ഭർത്താവിനോടു ചേർന്ന് ആശയുടെ പേര് എഴുതിക്കാണിക്കുമ്പോൾ ഈ ‘നല്ലപാതി’യുടെ നിശ്ചയദാർഢ്യംകൂടി വായിച്ചെടുക്കാം.

മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്ത നന്ദകുമാറിന്റെ സ്വപ്‌ന സിനിമയായിരുന്നു ‘സിദ്ധാർഥൻ എന്ന ഞാൻ’. ഇതിന്റെ രചനയ്ക്കിടെ ഹൃദയസ്തംഭനത്തെത്തുടർന്ന് 2016 മാർച്ചിലായിരുന്നു മരണം. രണ്ടു കുട്ടികളുമായി ഒറ്റപ്പെട്ട സഹസംവിധായികയായ ആശ തളരാതെ തിരക്കഥ പൂർത്തിയാക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു. ഭർത്താവിന്റെ സ്വപ്‌നവും സംവിധായികയാവുകയെന്ന സ്വന്തം ആഗ്രഹവും ആശ ഈ ചിത്രത്തിലൂടെ പൂർത്തിയാക്കി.

എഴുത്തുമേശയിലും ചിത്രീകരണസ്ഥലങ്ങളിലും ഭർത്താവിന്റെ ‘സാന്നിധ്യവും പിന്തുണയും’ അനുഭവിച്ചുകൊണ്ടായിരുന്നു സൃഷ്ടിയെന്ന് ആശ പറഞ്ഞു. നിഷ്‌കളങ്കനായ ഗ്രാമീണന്റെ കഥപറയുന്ന ‘സിദ്ധാർഥൻ എന്ന ഞാൻ’ കഴിഞ്ഞദിവസം റിലീസ് ചെയ്തു. സിബി തോമസും ഇന്ദ്രൻസും ദിലീഷ്‌ പോത്തനുമുൾപ്പെടെയുള്ളവരാണ് അഭിനേതാക്കൾ.

മഴനൂൽക്കനവുകൾ, മാന്ത്രികവീണ, യു കാൻ ഡു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള നന്ദകുമാർ കാവിൽ കെ.എസ്.എഫ്.ഡി.സി.യിൽ ഫിലിം ഓഫീസറായിരുന്നു. ആശ അതേ ഓഫീസിൽ ഡോക്യുമെന്ററി വിഭാഗം മേധാവിയും. സിനിമയോടുള്ള അഭിനിവേശത്തിന്റെ വഴിയിൽ സഞ്ചരിച്ച ഇരുവരും ജീവിതത്തിലും ഒരുമിച്ചു. ആശയുമായി ചർച്ചചെയ്താണ് നന്ദകുമാറിന്റെ സിനിമകൾ പിറന്നിരുന്നത്.

ഒട്ടേറെ ഡോക്യുമെന്ററികളും പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള ആശ, നന്ദകുമാറിന്റെ സിനിമകളിൽ സഹസംവിധായികയായിട്ടുമുണ്ട്. ചിത്രീകരണത്തിനിടെ നിർമാണം ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് ആശയെ കാത്തിരുന്നത്. ഒടുവിൽ ആശയുടെ അച്ഛൻ പ്രഭാകരൻ നായരാണ് ചിത്രം നിർമിക്കാൻ തയ്യാറായത്. ഒപ്പം കുറേ സുഹൃത്തുക്കളും ചേർന്നു. കെ.എസ്.എഫ്.ഡി.സി.യുടെ സഹായവും ലഭിച്ചു.

Content Highlights: nandakumar kavil's script completed his wife asha prabha