തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിൽ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേരുചേർക്കുന്നതിന് 27 മുതൽ 31 വരെ വീണ്ടും അവസരം. അന്തിമ വോട്ടർപട്ടിക ഒക്ടോബർ ഒന്നിന്‌ പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനുമുള്ള അപേക്ഷകളും 27 മുതൽ നൽകാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.

ഇതിനെല്ലാം ‘lsgelection.kerala.gov.in’ എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്. മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്തവരെയും പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് ഫോം 5-ലും ഫോം 8-ലും നേരിട്ടോ തപാലിലൂടെയോ അതത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് അപേക്ഷ നൽകണം.

തിരഞ്ഞെടുപ്പിനുമുമ്പ് പട്ടികയിൽ പേരുചേർക്കാനുള്ള അവസാന അവസരമാണ്. ഒക്ടോബർ 31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബർ 10-ന് സപ്ലിമെന്ററി പട്ടികകൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ പ്രസിദ്ധീകരിക്കും.

ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 1,29,25,766 പുരുഷന്മാർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെൻഡർമാർ എന്നിങ്ങനെ 2,71,20,823 വോട്ടർമാരാണുളളത്.

Content Highlights: Names can be added from 27 onwards in voters list