ശബരിമല: വിശ്വാസം. അതങ്ങനെയാണ്. അസാധ്യമെന്ന് തോന്നുന്നത് സാധ്യമാവും. മുൻപിലുള്ള പ്രതിബന്ധങ്ങൾ വഴിമാറും. സഞ്ചാരപാതയിലെ കല്ലും മുള്ളും മെത്തയായി മാറും. ഭിന്നശേഷിയിലും മനുഷ്യസാധ്യമല്ലെന്ന് തോന്നുന്നത് ചെയ്യാനാവും.

രണ്ടുകാലും സ്വാധീനമില്ലാത്ത കർണാടക സ്വദേശി നാഗപ്പ നാലുവർഷം മുമ്പ് സാധിച്ചത് അതാണ്. കഴിഞ്ഞ 15 വർഷമായി നാഗപ്പ നിലത്ത് പതിഞ്ഞു കിടക്കുന്ന ചെറിയ ചക്രവണ്ടിയിൽ ശബരിമല കയറുന്നു. പതിവുപോലെ ഇത്തവണയുമെത്തി പമ്പവരെ വാഹനത്തിൽവന്ന്, അവിടെനിന്ന്‌ മലകയറും.

പക്ഷേ, നാലുവർഷംമുമ്പ് നാഗപ്പ വന്നത് നാട്ടിൽനിന്ന് തന്റെ ചക്രവണ്ടി ഉരുട്ടിയാണ്. ആയിരത്തിലേറെ കിലോമീറ്റർ റോഡിലൂടെ ഏകനായി ഉരുട്ടിനീങ്ങാൻ 45 ദിവസമെടുത്തു. എന്നാലെന്താ, ജീവിതത്തിലെ കഠിനമോഹങ്ങളിലൊന്ന് സാധിച്ചുവല്ലോ എന്ന സംതൃപ്തിയാണ് ഈ 32-കാരന്. പതിനഞ്ചുകൊല്ലം തുടർച്ചയായി മലചവിട്ടി. ഇനിയും കഴിയുന്ന കാലത്തോളം വരണമെന്നാണ് മോഹം. ഇത്തവണ ഏഴുപേരടങ്ങുന്ന സംഘത്തോടൊപ്പമാണ് വന്നത്.

പതിനെട്ടാംപടിക്കു മുൻപിലെത്തിയാൽ ചക്രവണ്ടി അരികിലേക്ക് മാറ്റും. കൈകുത്തി പടികയറും. ബിജാപ്പൂരിന്‌ സമീപം ബസവന ബാഗേവാഡിയാണ് നാഗപ്പയുടെ നാട്. ജൻമനാ രണ്ടുകാലുകൾക്കും സ്വാധീനമുണ്ടായിരുന്നില്ല. ഉന്തുവണ്ടിയിലിരുന്ന്‌ കൈകൊണ്ട് തള്ളിയാണ് ജീവിതയാത്ര.

പതിനേഴാംവയസ്സിൽ തുടങ്ങിയതാണ് ശബരിമല തീർഥാടനം. 28-ാംവയസ്സിൽ ഒരു മോഹംതോന്നി. ശബരിമലവരെ തന്റെ ചക്രവണ്ടിയുമായി വന്നാലോ എന്ന്. അയ്യപ്പനിലുള്ള വിശ്വാസം അത്ര ദൃഢമായിരുന്നു. സ്വാമി അവിടെയെത്തിച്ചുകൊള്ളുമെന്ന വിശ്വാസം. രണ്ടും കൽപ്പിച്ച് പുറപ്പെട്ടു. നാല്പത്തിയഞ്ചുനാൾകൊണ്ട് ശബരിമലയിലെത്തി. നാട്ടിൽ പലചരക്കുകട നടത്തുകയാണ് നാഗപ്പ. ഭാര്യയും മൂന്ന്‌ കുട്ടികളുമുണ്ട് വീട്ടിൽ. അഞ്ചും നാലും വയസ്സുള്ള രണ്ട് പെൺമക്കളും ഒരുവയസ്സുള്ള ആൺകുട്ടിയും.