തലശ്ശേരി: സ്വകാര്യ പ്രസാധകസംഘത്തിന്റെ പുസ്തകമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഒരുവിഭാഗം അധ്യാപകര്‍ വിട്ടുനിന്നതിനു പിന്നില്‍ എന്‍. പ്രഭാകരന്റെ വിവാദ കഥയോടുള്ള പ്രതിഷേധമെന്ന് സൂചന. പ്രഭാകരന്‍ ഉദ്ഘാടകനായ പുസ്തകമേളയിലാണ് ക്ഷണിക്കപ്പെട്ട അധ്യാപകര്‍ വിട്ടുനിന്നത്. ശനിയാഴ്ച രാവിലെ 11.30-നാണ് ഉദ്ഘാടനച്ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്.
 
ചടങ്ങില്‍ ആശംസയര്‍പ്പിക്കാനും അധ്യക്ഷതവഹിക്കാനും സംഘാടകര്‍ തലശ്ശേരി മേഖലയിലെ ഒട്ടേറെ അധ്യാപകരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഓരോരുത്തരും വ്യക്തിപരമായ അസൗകര്യങ്ങള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു. ഉദ്ഘാടനച്ചടങ്ങ് വൈകുന്നേരത്തേക്ക് മാറ്റിയെങ്കിലും അധ്യാപകരെ ആരെയും കിട്ടിയില്ല. ഒടുവില്‍ പ്രഭാകരന്റെ ശിഷ്യയായിരുന്ന ഒരു അധ്യാപിക മാത്രമാണ് പങ്കെടുത്തത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'കളിയെഴുത്ത്' എന്ന പേരില്‍ കഴിഞ്ഞയാഴ്ച പ്രഭാകരന്റെ കഥ പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരുടെ ക്ലസ്റ്റര്‍ പരിശീലനത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന കഥയോട് രൂക്ഷമായ പ്രതികരണമാണുണ്ടായത്. സാമൂഹികമാധ്യമങ്ങളിലുള്ള അധിക്ഷേപത്തിനും പ്രതികരണത്തിനും പുറമെ പ്രഭാകരന് മൊബൈല്‍ ഫോണില്‍ വധഭീഷണിവരെയുണ്ടായിരുന്നു. പോലീസില്‍ പരാതിപ്പെടാതെ ഭീഷണികളെ അദ്ദേഹം അവഗണിക്കുകയായിരുന്നു.

കോളേജ് അധ്യാപകര്‍ക്കും കഥ വായിക്കാനറിയില്ല

കോളേജ് അധ്യാപകര്‍ക്കു പോലും ഒരു ചെറുകഥ എങ്ങനെയാണ് വായിക്കേണ്ടതെന്ന് അറിയില്ലെന്ന ദയനീയ അവസ്ഥയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ് കഥയിലൂടെ ആവിഷ്‌കരിച്ചത്. എന്നാല്‍, കഥയിലെ ലൈംഗികത ചൂണ്ടിക്കാണിച്ച് ചര്‍ച്ചയെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത് യാഥാര്‍ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.- എന്‍. പ്രഭാകരന്‍, എഴുത്തുകാരന്‍.