മേട്ടൂർ: മുത്തുലക്ഷ്മി തിരക്കിലാണ്. വീരപ്പന്റെ പതിനാലാം ചരമദിനാചരണമാണ് പെട്ടെന്നുള്ള തിരക്കിനു കാരണം. ചൊവ്വാഴ്ച രാവിലെ ഏഴിന് മേട്ടൂരിലുള്ള മുത്തുലക്ഷ്മിയുടെ വീട്ടിലെത്തുമ്പോൾ അവർ പൂജയിലായിരുന്നു. അരമണിക്കൂർ കഴിഞ്ഞാണ് പുറത്തെത്തിയത്. ‘മൺകാക്കും വീര തമിഴർ പേരവൈ’ എന്ന സംഘടന സ്ഥാപിച്ച് പ്രവർത്തിച്ചുവരികയാണ് മുത്തുലക്ഷ്മിയിപ്പോൾ.

കുടിവെള്ളം ഉൾപ്പെടെ ഗ്രാമത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരത്തിനു ശ്രമിക്കുന്ന സംഘടനയാണിത്. 18-നാണ് വീരപ്പന്റെ ചരമദിനം. മേട്ടൂരിലെ കല്ലമടയന്നൂരിൽ മുത്തുലക്ഷ്മി താമസിക്കുന്നിടത്തുനിന്ന് ആറേഴു കിലോമീറ്റർ അകലെ മൂളക്കാടിലാണ് വീരപ്പന്റെ മൃതദേഹം സംസ്കരിച്ചത്.

അധികൃതർക്ക് കാട്ടുകൊള്ളക്കാരനും കൊലയാളിയുമാണ് വീരപ്പനെങ്കിലും മുത്തുലക്ഷ്മിക്ക് സ്നേഹസമ്പന്നനായ ഭർത്താവാണ്. അതുകൊണ്ടുതന്നെ ദിവസവും ദൈവങ്ങൾക്കൊപ്പം വീരപ്പനെയും പൂജിക്കുന്നു. 2004 ഒക്ടോബർ 18-നാണ് ധർമപുരിയിലെ പപ്പരപ്പട്ടിയിൽ പ്രത്യേക ദൗത്യസേന പോലീസ് മേധാവി കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ വീരപ്പനെയും മൂന്ന് അനുയായികളെയും ഏറ്റുമുട്ടലിൽ വധിച്ചത്. ഇതടക്കം പോലീസിന്റെ കഥകളെല്ലാം നിഷേധിക്കുകയാണ് മുത്തുലക്ഷ്മി. കൊണ്ടുപോകുന്ന ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തി പിടികൂടി വീരപ്പനെ കൊലപ്പെടുത്തിയെന്നാണ് അവർ പറയുന്നത്. വീരപ്പൻ ചെയ്ത മനുഷ്യക്കൊലകളെ ന്യായീകരിക്കുന്നില്ലെങ്കിലും അതെല്ലാം ജനങ്ങൾക്കുവേണ്ടിയായിരുന്നെന്നും ഇവർ പറയുന്നു.

ചന്ദനക്കടത്തും ആനക്കൊമ്പു വേട്ടയും സംബന്ധിച്ച തർക്കത്തിലുൾപ്പെട്ടവരെയും ഒറ്റുകാരാണെന്നു കണ്ടെത്തിയവരെയും ഉൾപ്പെടെ അഞ്ചുപേരെ മാത്രമാണ് സ്വന്തം താത്പര്യത്തിനായി വധിച്ചത്. ബാക്കിയെല്ലാം ജനങ്ങൾക്കുവേണ്ടിയായിരുന്നു. കാട്ടിൽ വനംവകുപ്പും പോലീസും വീരപ്പന്റെപേരിൽ നാട്ടുകാരെ പീഡിപ്പിക്കുമ്പോഴുള്ള പകരംവീട്ടലായിരുന്നു ഇവയെന്നും മുത്തുലക്ഷ്മി പറയുന്നു.

എല്ലാ ചരമവാർഷികത്തിലും മൂളക്കാടിലെ പഞ്ചായത്ത് ശ്മശാനത്തിൽ വീരപ്പനെ സംസ്കരിച്ച സ്ഥലത്തെത്തി കർമങ്ങൾ ചെയ്യാറുണ്ട്. കല്ലമടയന്നൂരിൽ പണിത ഇരുനില വീട്ടിൽ ചേച്ചിയുടെ മകളും ഭർത്താവും അവരുടെ മക്കളുമൊത്താണ് താമസം. ആരും പട്ടിണി കിടക്കരുതെന്ന വീരപ്പന്റെ സ്വപ്നം നടപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇവർ പറഞ്ഞു.

രണ്ടു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു. ഇവർ ചെന്നൈയിലും സേലത്തുമാണ്. 28 വർഷം മുമ്പ് 16-ാം വയസ്സിലാണ് വീരപ്പൻ മുത്തുലക്ഷ്മിയുടെ ജീവിതത്തിലേക്കു കടന്നുവന്നത്. അന്ന് വീരപ്പനു പ്രായം 39. കല്യാണം കഴിഞ്ഞ ഉടൻ കാട്ടിലേക്ക്. നാലുവർഷം കാനനവാസം. പിന്നെ പോലീസിന്റെ നിരീക്ഷണത്തിൽ. വർഷങ്ങളോളം തടവിനു തുല്യമായ പുറംലോക ജീവിതം. വീരപ്പന്റെ അന്ത്യത്തോടെ അതിനും തിരശ്ശീല വീണു.