മലപ്പുറം: നിയമസഭാതിരഞ്ഞെടുപ്പിലെ തിരിച്ചടിസംബന്ധിച്ച് ആത്മപരിശോധന നടത്തി തിരുത്തൽനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിംലീഗ്. മലപ്പുറത്തുചേർന്ന ഉന്നതാധികാര സമിതിയുടെയും വിജയിച്ച പാർട്ടിപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. പരാജയകാരണങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും.

തിരഞ്ഞെടുപ്പുഫലം സൂക്ഷ്മമായി വിശകലനംചെയ്ത് സംഘടനാസംവിധാനം ഭദ്രമാക്കുമെന്ന് സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ഇടതുതരംഗത്തിനിടയിലും ലീഗ് ശക്തമായി പിടിച്ചുനിന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിക്കിടയിലും കോട്ടകൾ കാത്തുസൂക്ഷിച്ച് ലീഗ് ഭദ്രമായ രാഷ്ട്രീയപ്പാർട്ടിയാണെന്ന് തെളിയിച്ചതായി ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പറഞ്ഞു. മികവാർന്ന പ്രകടനം കാഴ്ചവെച്ചുവെന്ന് അവകാശപ്പെടുന്നില്ല. ബി.ജെ.പി.യുടെ താഴോട്ടുപോക്കിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ലീഗാണ്. നാല് സിറ്റിങ് സീറ്റുകളും ജയിക്കുമെന്നുപ്രതീക്ഷിച്ച താനൂരും നഷ്ടപ്പെട്ടത് ഗൗരവത്തോടെയാണ് കാണുന്നത്. പരാജയത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ പഴിചാരാനില്ലെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, സാദിഖലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസ്സമദ് സമദാനി, ഡോ. എം.കെ. മുനീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, അഡ്വ. പി.എം.എ. സലാം തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കുഞ്ഞാലിക്കുട്ടി പാർലമെന്ററി പാർട്ടി ലീഡർ

ലീഗ് പാർലമെന്ററി പാർട്ടി ലീഡറായി പി.കെ. കുഞ്ഞാലിക്കുട്ടിയെയും ഡെപ്യൂട്ടി ലീഡറായി ഡോ. എം.കെ. മുനീറിനെയും തിരഞ്ഞെടുത്തു. കെ.പി.എ. മജീദാണ് സെക്രട്ടറി. പി.കെ. ബഷീർ വിപ്പും. എൻ.എ നെല്ലിക്കുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു.