: മധ്യ-തെക്കൻ കേരളത്തിൽ പ്രവർത്തനം സജീവമാക്കാൻ പദ്ധതിയുമായി മുസ്‌ലിംലീഗ്. തൃശ്ശൂർമുതൽ തിരുവനന്തപുരംവരെയുള്ള എട്ടു ജില്ലകൾക്കായാണ് ലീഗ് പ്രത്യേക പ്രവർത്തനരീതി ആവിഷ്കരിച്ചത്. ജില്ലാതല അവലോകന യോഗങ്ങൾ പൂർത്തിയായി. ഇനി നിയോജക മണ്ഡല, പഞ്ചായത്തു തലങ്ങളിൽ ക്ലാസുകളും ക്യാമ്പുകളും നടത്തും.

തെക്കൻ കേരളത്തിലെ മുസ്‌ലിം യുവാക്കൾ തീവ്രസ്വഭാവമുള്ള സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നുവെന്ന വിലയിരുത്തലിലാണ് പദ്ധതി. പാർട്ടി വിട്ടുപോയതും നിഷ്‌ക്രിയരായവരുമായവരെ മടക്കിക്കൊണ്ടുവരണമെന്നാണ് സംസ്ഥാനകമ്മിറ്റി നിർദേശം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജില്ലകളിൽ സംസ്ഥാനനേതാക്കൾക്ക് ചുമതല നൽകി.

മഹല്ല് കമ്മിറ്റികളുടെ നേതൃസ്ഥാനത്ത് ലീഗ് പ്രവർത്തകർ എത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളുടെ വ്യാപനമാണ് മറ്റൊന്ന്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ നടപ്പാക്കുന്ന ഭവനനിർമാണപദ്ധതി (ബൈത്തുറഹ്മ) തെക്കൻ കേരളത്തിൽ കൂടുതൽ പഞ്ചായത്തുകളിൽ വ്യാപിപ്പിക്കും.

പ്രത്യേക പ്രവർത്തനപരിപാടിയുടെ സമാപനമായി അടുത്ത ഫെബ്രുവരിയിൽ തെക്കൻ കേരളത്തിൽ മഹാസംഗമം നടത്തും. എറണാകുളത്തിനൊപ്പം തൃശ്ശൂരും കൊല്ലത്തും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് എം.എൽ.എ.മാരെ ജയിപ്പിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.

15000 പുതിയ അംഗങ്ങളെ ചേർക്കും

തെക്കൻ ജില്ലകളിലെ പ്രവർത്തനമില്ലാത്ത പ്രദേശങ്ങളിൽ പുതുതായി 500 ശാഖകൾ രൂപവത്കരിക്കും. ചുരുങ്ങിയത് 15,000 പുതിയ അംഗങ്ങളെ ചേർക്കാനാണ് ലക്ഷ്യം. ബഹുസ്വര സമൂഹത്തിൽ ന്യൂനപക്ഷപ്രശ്നങ്ങൾ ഉയർത്തി പ്രവർത്തിക്കാൻ ലീഗിനേ കഴിയൂ. തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്ന യുവാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തും

-കെ.പി.എ. മജീദ്, സംസ്ഥാന ജനറൽ സെക്രട്ടറി, മുസ്‌ലിം ലീഗ്

Content Highlights: Muslim League Kerala plan