മലപ്പുറം: തിരഞ്ഞെടുപ്പില്‍ വീശിയടിച്ച ഇടതുതരംഗത്തില്‍ മുസ്ലിംലീഗ് ആടിയുലയാതെ നിന്നെങ്കിലും താനൂര്‍ മണ്ഡലത്തിലെ തോല്‍വി പാര്‍ട്ടിക്ക് കനത്തപ്രഹരമായി.മത്സരിച്ച അഞ്ചു മന്ത്രിമാരും ജയിച്ചു. മലപ്പുറംജില്ലയില്‍ 12 സീറ്റുകളിലാണ് മത്സരിച്ചത്. താനൂരില്‍ തോറ്റു. കൂടാതെ സിറ്റിങ് സീറ്റായിരുന്ന തിരുവമ്പാടിയും കൊടുവള്ളിയും ഇത്തവണ കൈവിട്ടു. പകരം കുറ്റിയാടി തിരിച്ചുപിടിച്ചു. എന്നാല്‍ ലീഗിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും കഴിഞ്ഞതവണത്തെ ഭൂരിപക്ഷത്തിലുണ്ടായ വന്‍ ഇടിവ് പാര്‍ട്ടിക്ക് പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 24 സീറ്റുകളില്‍ 20 എണ്ണത്തില്‍ ജയം സ്വന്തമാക്കിയെങ്കില്‍ ഇത്തവണ മത്സരിച്ച 24ല്‍ 18ലാണ് വിജയം. വേങ്ങര, മലപ്പുറം, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂര്‍, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, കോട്ടയ്ക്കല്‍, കുറ്റിയാടി, കോഴിക്കോട് സൗത്ത്, കാസര്‍കോട്, മഞ്ചേശ്വരം, കളമശ്ശേരി, മണ്ണാര്‍ക്കാട്, അഴീക്കോട് എന്നിവയാണ് ലീഗ് സ്വന്തമാക്കിയ മണ്ഡലങ്ങള്‍. അതായത് ജയം 75 ശതമാനം.
വേങ്ങരയില്‍നിന്ന് മത്സരിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞതവണത്തെ ഭൂരിപക്ഷം വലിയ കുറവില്ലാതെ നിലനിര്‍ത്തിയപ്പോള്‍ മന്ത്രിമാരായ അബ്ദുറബ്ബും മഞ്ഞളാംകുഴി അലിയും നേരിട്ടത് കനത്തപോരാട്ടമാണ്.
 
അബ്ദുറബ്ബിന്റെ കഴിഞ്ഞതവണത്തെ 30,208 എന്ന ഭൂരിപക്ഷം ഇത്തവണ 6043 ആയും മന്ത്രി അലിയുടെ ഭൂരിപക്ഷം 9589ല്‍ നിന്ന് 579 ആയും കുറഞ്ഞു. മലപ്പുറത്തെ ഏറനാട് മണ്ഡലത്തില്‍ മാത്രമാണ് ഭൂരിപക്ഷംകൂടിയത്.കഴിഞ്ഞതവണത്തെ 11,246ല്‍ നിന്ന് 12,843 ആയി ഉയര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവുംകുടുതല്‍ ഭൂരിപക്ഷം 44,508 ലഭിച്ച മലപ്പുറംമണ്ഡലത്തിലെ പുതിയ ഭൂരിപക്ഷം 35,672 ആണ്. ലീഗിന്റെ കുത്തക സീറ്റുകളെന്ന് അറിയപ്പെടുന്ന മഞ്ചേരി, തിരൂര്‍, കോട്ടയ്ക്കല്‍, മങ്കട, കൊണ്ടോട്ടി, തുടങ്ങിയ മണ്ഡലങ്ങളിലും ഭൂരിപക്ഷത്തില്‍ കനത്ത ഇടിവാണ് ഉണ്ടായത്. കഴിഞ്ഞതവണ 9433 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ലീഗിന്റെ കുത്തക സീറ്റായിരുന്ന താനൂരിലാണ് ഇടതുസ്വതന്ത്രന്‍ 4918 വോട്ടിന് ജയിച്ചത്.