കാഞ്ഞങ്ങാട്: എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് വോട്ടുചെയ്തുവെന്നാരോപിച്ച് ഒരുസംഘം മുസ്‌ലിം ലീഗുകാർ സ്വന്തം പ്രവർത്തകനെ വീട്ടിൽ കയറി മർദിച്ചു. തടയാൻചെന്ന സ്ത്രീക്കും മർദനമേറ്റു. വോട്ടെണ്ണൽദിവസം നടന്ന അക്രമത്തിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഒൻപത് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് സംഭവം. മുസ്‌ലിം ലീഗ് പ്രവർത്തകനും പെയിന്റിങ് തൊഴിലാളിയുമായ സി. നിസാറിനെയാണ് വടികളുമായി കല്ലൂരാവി തണ്ടുമ്മലിലെ വീട്ടിലെത്തി ഒരു സംഘം ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ വീട്ടിലെയും അയൽപക്കത്തെയും സ്ത്രീകൾ അക്രമികളെ തടഞ്ഞു. ഇതിനിടയിലാണ് ഒരു സ്ത്രീക്ക് മർദനമേറ്റത്.

കല്ലൂരാവിയിലെ മുസ്‌ലിം ലീഗ് പ്രവർത്തകരായ സി.എച്ച്. റഷീദ് (24), ഉബൈസ് (24), ജംഷി (22), ഉമൈർ (28), നിസാമുദ്ദീൻ (26), സമദ് (25), സി.എച്ച്. നൂറുദ്ദീൻ, ഹസ്സൻ മുത്തോട് (26), കെ.പി. ഷബീർ (27) എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തതത്. ഇന്ത്യൻ ശിക്ഷാനിയമം 452, 354, 324 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഇൻസ്‌പെക്ടർ ഇ. അനൂപ്കുമാർ പറഞ്ഞു.

എൽ.ഡി.എഫ്. സ്ഥാനാർഥി മഹമൂദ് മുറിയനാവിക്ക് വോട്ടുചെയ്തുവെന്നാരോപിച്ചാണ് തന്നെയും കുടുംബത്തെയും ആക്രമിച്ചതെന്ന് നിസാർ പോലിസിന് നൽകിയ മൊഴിയിൽ വിശദീകരിച്ചു. എന്നാൽ രണ്ട്‌ കുടുംബങ്ങൾ തമ്മിലുള്ള വ്യക്തിവിരോധമാണ് സംഭവത്തിനു പിന്നിലെന്നും തോറ്റതിന്റെ ജാള്യം മറയ്ക്കാൻ ഇടതുമുന്നണി പോലീസിനെ ഉപയോഗിച്ച് ജാമ്യമില്ലാ വകുപ്പപ്രകാരം കേസെടുപ്പിക്കുകയായിരുന്നെന്നും മുസ്‌ലിം ലീഗ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് എം.പി. ജാഫർ പറഞ്ഞു.