തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘർഷം. കണ്ണൂർ പാനൂരിൽ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു. സംഭവത്തിൽ ഒരു സി.പി.എം. പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു. 11 സി.പി.എം. പ്രവർത്തകർക്കും കണ്ടാലറിയാവുന്ന 14 പേർക്കുമെതിരേ കേസെടുത്തു. കാസർകോട്ടുണ്ടായ അക്രമത്തിൽ യുവമോർച്ചാ നേതാവിനും സി.പി.എം. അനുഭാവികളായ അമ്മയ്ക്കും മകനും പരിക്കേറ്റു. ആലപ്പുഴയിൽ മാവേലിക്കര, തുറവൂർ, കായംകുളം എന്നിവിടങ്ങളിലും അക്രമസംഭവങ്ങൾ നടന്നു.

പാനൂർ നഗരസഭയിലെ പുല്ലൂക്കര മുക്കിൽപീടികയിൽ വെട്ടേറ്റ് ആശുപത്രിയിലായിരുന്ന മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറാണ് (20) മരിച്ചത്. ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം വെട്ടുകയായിരുന്നു. ബോംബേറിൽ കാലിനേറ്റ പരിക്കിൽനിന്ന് രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടതുകാൽ മുട്ടിനുതൊട്ടു താഴെ പിൻഭാഗത്തെ എല്ലും മാംസവും ചിന്നിച്ചിതറിയ നിലയിലായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. സി.പി.എം. പ്രവർത്തകൻ കെ.കെ. ഷിനോസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സഹോദരങ്ങളായ മൻസൂറിന്റെയും മുഹസിന്റെയും വീടിനു നേരെ ആക്രമണമുണ്ടായത്. ബോംബെറിഞ്ഞ ശേഷം കുടുംബാംഗങ്ങളുടെ മുന്നിൽ മൻസൂറിനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. തടയാനെത്തിയ സഹോദരൻ മുഹസിനെയും വെട്ടി. ഇദ്ദേഹം കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചയോടെയാണ് മൻസൂർ മരിച്ചത്. പുല്ലൂക്കര ‘അൽസിഫ’യിൽ പാറാൽ മുസ്തഫയുടെയും സക്കീനയുടെയും മകനാണ്. മറ്റു സഹോദരങ്ങൾ: മുനീബ്, മുബിൽ, മുഹമ്മദ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം പുല്ലൂക്കര ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

കാസർകോട് അമ്പലത്തറ പറക്കളായിയിൽ സി.പി.എം.-ബി.ജെ.പി. സംഘർഷത്തിലാണ് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്ക് വെട്ടേറ്റത്. സി.പി.എം. പ്രവർത്തകനായ രാമകൃഷ്ണന്റെ ഭാര്യ ഓമന, മകൻ മിഥുൻരാജ് എന്നിവർക്ക് പരിക്കേറ്റു. മാവേലിക്കരയിൽ എൻ.ഡി.എ. സ്ഥാനാർഥി കെ. സഞ്ജുവിന് മർദനമേറ്റു. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മർദിച്ചെന്നാണു പരാതി. സഞ്ജു സി.പി.എം. വിട്ട് അടുത്തിടെയാണ് എൻ.ഡി.എയുടെ ഭാഗമായത്. രണ്ടു സി.പി.എം. പ്രവർത്തകരും ചികിത്സ തേടിയിട്ടുണ്ട്. തുറവൂരിൽ യുവമോർച്ച - സി.പി.എം. പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ രണ്ട് സി.പി.എം. പ്രവർത്തകർ പോലീസ് പിടിയിലായി. എട്ടു സി.പി.എം. പ്രവർത്തകർക്കെതിരേ കേസെടുത്തിട്ടുണ്ട്. കായംകുളം എരുവയിൽ രണ്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ പതിനഞ്ചോളം സി.പി.എം. പ്രവർത്തകരുടെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.

Content Highlights: Muslim League activist killed in Kannur