ഓരോ അരിമണിയിലും അത് കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയാണ് മൂന്നാര്‍ ടൗണിലെ ഹോട്ടല്‍ ശ്രീനിവാസ്. ഒറ്റ വ്യത്യാസം മാത്രം, അരിമണിയിലല്ല മറിച്ച് ദോശയിലാണ് പേരുകള്‍ എഴുതുന്നത് എന്നുമാത്രം.

മൂന്നാറിലെ ജി.എച്ച്. റോഡില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റേറിയന്‍ ഹോട്ടലാണ് ശ്രീനിവാസ്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ പേരുകള്‍ അവര്‍ കഴിക്കുന്ന ദോശയില്‍ എഴുതി നല്‍കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത.

വിദേശികളടക്കമുള്ള സഞ്ചാരികളാണ് ഇവിടെ അവരുടെ പേരെഴുതിയ ദോശ കഴിക്കാനായി എത്തുന്നത്. മൂന്നാര്‍ പള്ളിവാസല്‍ സ്വദേശിയായ പാചകക്കാരന്‍ വിനോദ് രാജ് (26) ആണ് ദോശയില്‍ കസ്റ്റമറുടെ പേര് എഴുതി നല്‍കുന്നത്. 

ഹോട്ടലിലെ വെയിറ്ററാണ് ദോശ ഓര്‍ഡര്‍ ചെയ്യുന്ന സഞ്ചാരികളോട് രഹസ്യമായി പേരുകള്‍ ചോദിച്ചു മനസ്സിലാക്കുന്നത്. ശേഷം ഇത് അടുക്കളയിലെത്തി വിനോദിനെ അറിയിക്കും. 

ദോശമാവ് പരത്തുമ്പോള്‍ തന്നെ കസ്റ്റമറുടെ പേര് ചട്ടുകം ഉപയോഗിച്ച് ദോശപ്പുറത്ത് എഴുതും. വെന്ത ദോശ ചുരുട്ടിയെടുക്കുമ്പോള്‍ കഴിക്കുന്നയാള്‍ക്കു വായിക്കാവുന്ന വിധത്തിലാണ് പേരുകളെഴുതുന്നത്. 

മൂന്നാറെലെത്തുന്ന സഞ്ചാരികള്‍ക്ക് ഇതു പുതുമയുള്ള ഒരനുഭവമായി മാറിയിരിക്കുകയാണ്.