മൂന്നാർ: രാജ്യത്ത് പെൺകുട്ടികൾക്കുനേരേ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ വ്യത്യസ്ത ബോധവത്കരണവുമായി യുവാവ്. സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ അശ്വിനെന്ന പതിനെട്ടുകാരൻ തിരഞ്ഞെടുത്ത വഴി ആണികൾ തറച്ച ചെരിപ്പിട്ട് അരമണിക്കൂർ നൃത്തം ചെയ്യുകയാണ്.

കണ്ണൻദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ അന്തോണി-വിമല ദമ്പതിമാരുടെ മകനാണ് എ. അശ്വിൻ.

തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ രണ്ടാംവർഷ ബി.സി.എ. വിദ്യാർഥിയാണ്. കോയമ്പത്തൂർ ഗിരിമയ പുതൽവൻ അക്കാദമിയിൽ ഡയറക്ടർ ഡോ.ആർ. കലൈയരശന്റെ ശിക്ഷണത്തിൽ നൃത്തവും പഠിക്കുന്നു. അവിടെയാണ് തലയിൽ കുടവുമായി പ്രത്യേകം തയ്യാറാക്കിയ രണ്ട് ചെരിപ്പുകളിലെ ആണികളുടെ മുകളിൽനിന്ന് നൃത്തംചെയ്തത്.

ലക്ഷ്മി ഒറ്റപ്പാറ സർക്കാർ സ്കൂളിലായിരുന്ന അശ്വിന്റെ സ്കൂൾ വിദ്യാഭ്യാസം. കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെയുള്ള വിവിധ പൊതുവേദികളിൽ ബോധവത്കരണത്തിനായി ആണി നൃത്തം നടത്താനുള്ള തയ്യാറെടുപ്പിലാണ് അശ്വിൻ.