മൂന്നാർ: ഉരുൾപൊട്ടി പള്ളിവാസൽ ‘പ്ലം ജൂഡി’ റിസോർട്ടിൽ കുടുങ്ങിയ വിദേശികളടക്കമുള്ളവരെ വെള്ളിയാഴ്ച വൈകീട്ടോടെ സൈന്യം രക്ഷപ്പെടുത്തി. വൈകീട്ട് 5.45-ഓടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് റോഡിലേക്ക് വീണുകിടന്ന പാറകളുടെയും മണ്ണിന്റെയും മുകളിൽ പലകകൾ നിരത്തിയും വടം ഉപയോഗിച്ചുമാണ് ഇവരെ പുറത്തെത്തിച്ചത്. ഇവരെ സർക്കാരിന്റെ ടീ കൗണ്ടി ഹോട്ടലിലേക്ക് മാറ്റി.

അമേരിക്ക, റഷ്യ, യു.എ.ഇ., മലേഷ്യ, ഒമാൻ, സൗദി എന്നീ രാജ്യങ്ങളിൽനിന്നുള്ള 24 പേരും 33 ഉത്തരേന്ത്യക്കാരുമാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്. അമ്പതോളം ജീവനക്കാരും ടാക്സിഡ്രൈവർമാരും വാഹനങ്ങളും ഉണ്ടായിരുന്നു. ഉരുൾപൊട്ടി മണ്ണും കൂറ്റൻപാറകളും റോഡിൽ വീണതിനെത്തുടർന്ന് ഇവർ കുടുങ്ങുകയായിരുന്നു. ഇതിനിടെ മൂന്നു റഷ്യൻ സഞ്ചാരികൾ കിലോമീറ്ററുകൾ നടന്ന് പള്ളിവാസൽ പൈപ്പ് ലൈനിലെത്തി ബസിൽ കൊച്ചിയിലേക്ക് പോയി.

റിസോർട്ട് പൂട്ടുന്നതിനെതിരേ എം.എൽ.എ

പ്ലം ജൂഡി റിസോർട്ട് പൂട്ടുന്നതിനെതിരേ എസ്. രാജേന്ദ്രൻ എം.എൽ.എ. ഉരുൾപൊട്ടലിനെ തുടർന്ന് റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തിയശേഷം റിസോർട്ട് പൂട്ടാനുള്ള കളക്ടറുടെ ഉത്തരവ് നൽകുന്നതിനിടെയാണ് എം.എൽ.എ. എതിർപ്പുമായി രംഗത്തെത്തിയത്.

മേഖലയിൽ മണ്ണിടിച്ചിൽ സ്വാഭാവികമാണെന്നും കാലവർഷക്കാലത്ത് മണ്ണിടിച്ചിൽ പതിവാണെന്നും ഇതിന്റെ പേരിൽ റിസോർട്ട് പൂട്ടേണ്ട ആവശ്യമില്ലെന്നുമാണ് എം.എൽ.എ. ഉത്തരവുമായെത്തിയ സബ് കളക്ടറോട് പറഞ്ഞത്. എന്നാൽ സബ് കളക്ടർ ഈ നിർദേശം തള്ളിയശേഷം പൂട്ടാനുള്ള നോട്ടീസ് റിസോർട്ട് അധികൃതർക്ക് നൽകി. വൈകീട്ട് ആറരയോടെ ദേവികുളം തഹസിൽദാർ പി.കെ. ഷാജി റിസോർട്ട് സീൽ ചെയ്തു.