തൊടുപുഴ: കൈയേറ്റവിഷയത്തില്‍ സി.പി.എമ്മുമായുള്ള ഭിന്നത തുടരുന്നതിനിടെ മൂന്നാര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. നിയമനടപടിക്ക്. കൈയേറി നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുനീക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം പി. പ്രസാദ് ഹരിതട്രിബ്യൂണലിനെ സമീപിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ട്രിബ്യൂണല്‍ ചെന്നെ ബെഞ്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനം ഇറക്കണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജനുവരി 12-ന് ഹര്‍ജി വീണ്ടും പരിഗണനയ്ക്ക് വരും. ചീഫ് സെക്രട്ടറിയും റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരും എതിര്‍കക്ഷികളാണ്.

മൂന്നാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കൈയേറ്റം വ്യാപകമാണെന്നും ഇതൊഴിപ്പിച്ച് അതീവ പരിസ്ഥിതി ദുര്‍ബലമായ ഈ മേഖല സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടും 18 പേജുള്ള ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

സംരക്ഷിത മേഖലകള്‍ ഉള്‍പ്പെടെയുള്ളിടങ്ങളില്‍പ്പോലും വനംവകുപ്പിന് ഭരണപരമായ യാതൊരു നിയന്ത്രണവുമില്ല. രാഷ്ട്രീയക്കാരടക്കം വലിയ സ്വാധീനമുള്ളവര്‍ ഭൂമി കൈയേറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ട്രിബ്യൂണലിന്റെ ഇടപെടല്‍ വേണം. കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ധീരതയോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെപ്പോലും നിമിഷനേരം കൊണ്ട് സ്ഥലംമാറ്റുകയാണ്. കൈയേറ്റക്കാരുടെ രാഷ്ട്രീയപിന്‍ബലം ഒഴിപ്പിക്കലിന് തടസ്സംനില്‍ക്കുകയാണ്. ദൂരക്കാഴ്ചയും രാഷ്ട്രീയ ഇച്ഛാശക്തിയുമില്ലാത്ത ഭരണകൂടം പാരിസ്ഥിതിക ദുര്‍ബലപ്രദേശമായ മൂന്നാറിനെ പടിപടിയായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനുള്ള നീക്കങ്ങളൊന്നും നടത്തുന്നില്ല -ഹര്‍ജിയില്‍ ആരോപിക്കുന്നു. കൈയേറ്റ മാഫിയയ്ക്ക് പ്രാദേശിക രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും സഹായം നല്‍കുന്നു. ആവാസവ്യവസ്ഥയെ മോശമായി ബാധിക്കുന്ന ഈ കടന്നുകയറ്റങ്ങള്‍ മൂന്നാര്‍ നേരിടാന്‍പോകുന്ന ദുരന്തത്തിന്റെ ആഘാതസാധ്യത കൂട്ടുമെന്നും സി.പി.ഐ. ഇടുക്കിയുടെ ചുമതലയുള്ള പ്രസാദിന്റെ ഹര്‍ജിയില്‍ പറയുന്നു. സി.പി.ഐ.യുടെ ഇടുക്കി ജില്ലാ ചുമതലയുള്ള നേതാവാണ് പ്രസാദ്.

ഹര്‍ജി പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. ഭരണകക്ഷിയിലെ രണ്ടാമത്തെ പ്രബല പാര്‍ട്ടിതന്നെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നത് ഇടതുമുന്നണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും. മന്ത്രിതല സമിതി മൂന്നാര്‍ സന്ദര്‍ശിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സി.പി.െഎ. നിലപാട് ശക്തമാക്കിയത്. ഇടത് എം.പി. ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം സബ്കളക്ടര്‍ റദ്ദാക്കിയതോെട സി.പി.എമ്മും സി.പി.െഎ.യും തുറന്ന പോരിലേക്കെത്തിയിരുന്നു. സി.പി.ഐ. തീരുമാനത്തിനെതിരേ നിശിതവിമര്‍ശവുമായി എസ്. രാജേന്ദ്രന്‍ എം.എല്‍.എ. രംഗത്തെത്തി. സി.പി.ഐ. നടപടി ജനങ്ങളെ േദ്രാഹിക്കാനാണെന്ന് രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
കക്ഷിചേര്‍ന്നത് സര്‍ക്കാരിന് എതിരാണോയെന്ന് കേസ് വാദിച്ചാലേ പറയാന്‍ കഴിയൂ. ഒരു നിയമനടപടി ഉണ്ടാകുമ്പോള്‍ അതില്‍ പങ്കാളികളാകുകയെന്നത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചുമതലയാണ്. സി.പി.ഐ. മാത്രമല്ല കേരളകര്‍ഷക സംഘവും കേസില്‍ പങ്കാളികളായിട്ടുണ്ട്. സി.പി.ഐ.യുടെ നിലപാട് ആര്‍ക്കും വിരുദ്ധമായിട്ടല്ല. എല്‍.ഡി.എഫ്. കൈയേറ്റക്കാരെ അനുകൂലിക്കില്ല. ജോയ്‌സ് ജോര്‍ജിന്റെ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്തത് സംബന്ധിച്ച് ഉദ്യോഗസ്ഥന്‍ നിയമം നടപ്പിലാക്കി. അതില്‍ പരാതി ഉണ്ടെങ്കില്‍ പൗരന് അതുമായി മുന്നോട്ട് പോകാം. -കാനം രാജേന്ദ്രന്‍
മൂന്നാര്‍ കാണാത്ത ആളുകളാണ് മൂന്നാറിലെ ജനങ്ങള്‍ക്കെതിരേ കോടതിയിലേക്ക് നീങ്ങിയിരിക്കുന്നത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളുമായി ഒരു പ്രവര്‍ത്തകന്‍ പോകുന്നത് നല്ലതാണോ എന്ന് സി.പി.ഐ. നേതൃത്വം ചിന്തിക്കണം. -എസ്. രാജേന്ദ്രന്‍ എം.എല്‍.എ.