കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടിയിലേക്ക് എത്തുന്നതിനുമുമ്പ് ഒൻപത് സ്പിൽവേ ഷട്ടറുകൾ ഉയർത്തി തമിഴ്‌നാട്.

വൃഷ്ടിപ്രദേശത്തെ മഴയുടെ സാധ്യത കണക്കിലെടുത്താണ് തമിഴ്‌നാട് ഇത്തവണ 142 അടി വരെയെത്തുന്നത് കാത്തിരിക്കാതെ പെരിയാറിലേക്ക് കൂടുതൽ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കിയത്. സെക്കൻഡിൽ 7341 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വൈകീട്ട് അഞ്ചോടെ 5500 ഘനയടിക്ക് മുകളിലായി. ഇതോടെ തമിഴ്‌നാട് ഒൻപത് ഷട്ടറുകളും 90 സെന്റീമീറ്റർ ഉയർത്തി. ഇതിനുമുമ്പ് തമിഴ്‌നാട് കൂടുതൽ ഷട്ടറുകൾ തുറന്നത്, 142 അടിയിൽ ജലനിരപ്പ് എത്തിയപ്പോൾ മാത്രമായിരുന്നു.

വെള്ളം കൂടുതലായി ഒഴുക്കാൻ തുടങ്ങിയതോടെ പെരിയാർ തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. അണക്കെട്ടിൽനിന്നും തമിഴ്‌നാട് 1867 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. മഴ ശക്തമായാൽ കൂടുതൽ ഷട്ടറുകൾ ഉയർത്തുമെന്നും അറിയിച്ചിട്ടുണ്ട്.