വണ്ടിപ്പെരിയാർ: ‘‘സഹിക്കാവുന്നതിന്റെ പരമാവധി ഞങ്ങൾ സഹിച്ചു. ഒരായുസ്സിന്റെ മുഴുവൻ സമ്പാദ്യമാണ് വീട്. തുടർച്ചയായി വെള്ളം കുത്തിയൊലിച്ചെത്തി വീട്ടിൽ ചെളികാരണം കയറാൻകഴിയാത്ത അവസ്ഥയാണ്. വീടിന് കേടുപാടുകളും സംഭവിച്ചു. മനുഷ്യത്വമില്ലാതെ തമിഴ്‌നാട് ഇനിയും രാത്രിയിൽ വെള്ളമൊഴുക്കിയാലും വീട്ടിൽനിന്നും ഞങ്ങൾ മാറില്ല. ആ വെള്ളത്തിനൊപ്പം ഒഴുകിപ്പോയാലും വേണ്ടില്ല. അത്രയ്ക്ക് ഞങ്ങൾ തകർന്നിരിക്കുകയാണ്’’ -വള്ളക്കടവിലെ വീട്ടമ്മ ഷാജിതാ ഷാജിയുടെ വാക്കുകളാണിത്. ഒരു നാടിൻറെ നിസ്സഹായതയും അമർഷവും അതിലുണ്ട്. ഇനിയും ഓടാൻ നാട്ടുകാർ തയ്യാറല്ല. ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകില്ലെന്നാണ് നിലപാട്.

കുതിച്ചെത്തിയ പെരുവെള്ളം

പകൽസമയങ്ങളിൽ തമിഴ്നാട് കുറച്ചു വെള്ളംമാത്രമേ തുറന്നുവിടാറുള്ളൂ. വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളവും കുറവാണ്. വൃഷ്ടിപ്രദേശത്ത് വൈകുന്നേരങ്ങളിൽ മഴ ശക്തമാകും. ഇതോടെ രാത്രിയാകുമ്പോൾ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയെത്തും. കോടതിവിധിലംഘനം ഭയന്ന് തമിഴ്നാട് പാതിരാത്രിയിൽ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്ന് വലിയ അളവിൽ വെള്ളം ഒഴുക്കും. ഒരാഴ്ചയായി ഇത് തുടരുന്നു. ഒരു മണിക്കൂറിനിടയിൽതന്നെ അഞ്ചിലധികം ഷട്ടറുകൾ 120 സെന്റീമീറ്റർ ഉയർത്തിയിരുന്നു.

ഇതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാൻലിന് കത്തുനൽകി. തുടർന്ന് രാത്രികാലങ്ങളിൽ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകൾക്കകം തമിഴ്നാട് സെക്കൻഡിൽ 12654 ഘനയടി വെള്ളം തുറന്നുവിട്ടു. ഒമ്പത് സ്പിൽവേ ഷട്ടറുകളാണ് ഉയർത്തിയത്. 2018-ലെ മഹാപ്രളയത്തിനുശേഷം ഇത്രയും വെള്ളം ഒഴുക്കുന്നത് ആദ്യമാണ്.

തിങ്കളാഴ്ച രാത്രി എട്ടോടെ കൂടുതൽ വെള്ളം ഒഴുക്കിത്തുടങ്ങി. 20 മിനിറ്റുകൊണ്ട് എട്ടുകിലോമീറ്റർ അകലെയുള്ള വള്ളക്കടവിൽ വെള്ളമെത്തി. വൈകാതെ ഫോറസ്റ്റ് ചപ്പാത്തിലും വള്ളക്കടവ് ചപ്പാത്തിലും വെള്ളംകയറി. വള്ളക്കടവ്, കടശ്ശിക്കാട്, കറുപ്പുപാലം, വികാസ്‌നഗർ തുടങ്ങിയ സ്ഥലങ്ങളിലെ അമ്പതോളം വീടുകളിൽ വെള്ളം കയറി. ഒമ്പതേമുക്കാലോടെ മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്തെത്തി. കറുപ്പപാലത്ത് മന്ത്രിയോട് നാട്ടുകാർ പ്രതിഷേധം അറിയിച്ചു. പത്തുമണിയോടെ ഒമ്പത് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ച് വെള്ളത്തിന്റെ അളവ് 8300 ഘനയടിയാക്കി തമിഴ്നാട് കുറച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചോടെ നാലു ഷട്ടർകൂടി അടച്ചു. തുറന്നിരിക്കുന്ന ഒരു ഷട്ടറിലൂടെ സെക്കൻഡിൽ 142 ഘനയടി വെള്ളം മാത്രം ഒഴുക്കിത്തുടങ്ങി. ഈസമയം 900 ഘനയടി വെള്ളം മാത്രമേ തമിഴ്നാട് വൈഗയിലേക്ക് കൊണ്ടുപോകുന്നുള്ളൂ.

തമിഴ്നാടിന്റെ മനുഷ്യത്വരഹിതമായ നടപടിയിലും കേരള സർക്കാർ ഉദാസീനത കാട്ടുന്നെന്നാരോപിച്ചും മുല്ലപ്പെരിയാർ പൗരസമിതിയും കോൺഗ്രസും മുസ്‌ലിംലീഗും വണ്ടിപ്പെരിയാറിൽ പ്രതിഷേധിച്ചു. തമിഴ്നാടിനെതിരേ സി.പി.ഐ.യും പ്രതിഷേധപ്രകടനം നടത്തി.

വൈകീട്ട് കൂടുതൽ വെള്ളം

ചൊവ്വാഴ്ച പകൽ മുഴുവൻ ഒറ്റ ഷട്ടർമാത്രമേ തുറന്നിരുന്നുള്ളൂ. വൈകീട്ടായപ്പോഴാണ് വീണ്ടും തമിഴ്നാട് ഷട്ടർ ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. മൂന്നരയ്ക്ക് രണ്ടു ഷട്ടറുകൾ ഉയർത്തി സെക്കൻഡിൽ 1259 ഘനയടി വെള്ളം ഒഴുക്കി. എന്നാൽ, വൃഷ്ടിപ്രദേശത്തെ മഴസാധ്യത കണക്കിലെടുത്തും 141.95 ഘനയടി വെള്ളം അണക്കെട്ടിലുള്ളതിനാലും അഞ്ചോടെ രണ്ടുഷട്ടർകൂടി 30 സെന്റീമീറ്റർ വീതം ഉയർത്തി. സെക്കൻഡിൽ 2100 ഘനയടിവെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. രാത്രി വൈകിയും ഇത് തുടരുകയാണ്. രാത്രി വീണ്ടും ഷട്ടർ ഉയർത്തുെമന്ന ആശങ്കയുണ്ട്. അതിനാൽത്തന്നെ ജനങ്ങൾ പ്രതിഷേധത്തിലാണ്. നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് സെക്കൻഡിൽ 2460 ഘനയടി വെള്ളമാണ്. തമിഴ്നാട് വൈഗയിലേക്ക് 1200 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.