കുമളി: പതിനേഴാം നൂറ്റാണ്ടിലെ നരബലി തിരികെ കൊണ്ടുവന്നതാണ് പിണറായി സർക്കാരിന്റെ ആയിരം ദിന നേട്ടമായി ഉയർത്തിക്കാട്ടേണ്ടതെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സർക്കാരിന്റെ ഇത്രയും നാളത്തെ പ്രവർത്തനങ്ങൾക്ക് ചോരയുടെ ഗന്ധമുണ്ട്. സർക്കാർ അധികാരത്തിലേറിയശേഷം സംസ്ഥാനത്ത് 21 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നതെന്നും കുമളിയിൽ മാധ്യമപ്രവർത്തകരോട് മുല്ലപ്പള്ളി പറഞ്ഞു.

ഇതിൽ രണ്ടെണ്ണം ഇടതുസർക്കാർ അധികാരത്തിലേറി മാസങ്ങൾ പിന്നിടുന്നതിനിടയിൽ പിണറായിയുടെ വിളിപ്പാടകലെയാണ്. സർക്കാരിനെതിരെ ജനങ്ങൾ കുറ്റവിചാരണ നടത്തിയില്ലെങ്കിൽ നാളെ നിങ്ങളിലൊരാൾ രാഷ്ട്രീയകൊലക്കത്തിയുടെ ഇരയായിതീർന്നേക്കാം.

കുറ്റവാളിയുടെ മനസ്സുമായി മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയെ നയിക്കുമ്പോൾ സി.പി.എം. കൊലയാളിസംഘമായി അധഃപതിച്ചു. സമഗ്ര വികസനത്തിൽ സർക്കാർ തികഞ്ഞ പരാജയമായി മാറി. ജനങ്ങളെ ദ്രോഹിക്കാനല്ലാതെ അവരെ സേവിക്കാൻ പിണറായി സർക്കാർ സമയം കണ്ടെത്തിയിട്ടുണ്ടോയെന്ന്‌ സ്വയംവിലയിരുത്തൽ നടത്തേണ്ട സമയം അതിക്രമിച്ചു.

പ്രളയത്തിൽ സർക്കാർ ഇടുക്കിയെ മറന്നുള്ള ദുരിതാശ്വാസപ്രവർത്തനങ്ങളാണ് നടത്താൻ ശ്രമിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഒരുതരത്തിലും ജീവിക്കാൻ അനുവദിക്കാത്ത നയങ്ങളാണ് പിണറായി-കോടിയേരി സഖ്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

content highlights: Mullappally Ramachandran, kasargod double murder, Pinarayi Vijayan