കോഴിക്കോട്: കോണ്‍ഗ്രസിലും യു.ഡി.എഫിലും ഒരുവിഭാഗം ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമാവാമെന്ന നിലപാടില്‍ മുന്നോട്ടുപോവുമ്പോള്‍ കോണ്‍ഗ്രസ് ഘടകങ്ങള്‍ക്ക് നിലപാട് വ്യക്തമാക്കി കെ.പി.സി.സി.യുടെ സര്‍ക്കുലര്‍.

ആര്‍.എസ്.എസും ജമാഅത്തെ ഇസ്ലാമിയുമായി ഒരുതരത്തിലുള്ള ബന്ധവും എ.ഐ.സി.സി. അംഗീകരിക്കില്ലെന്നും ഇതേ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടുമാത്രമേ തദ്ദേശതിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാവൂ എന്നും വ്യക്തമാക്കുന്ന സര്‍ക്കുലറാണ് കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി. ഭാരവാഹികള്‍ക്കും ജില്ലാപ്രസിഡന്റുമാര്‍ക്കും നല്‍കിയത്.

വെല്‍ഫെയര്‍ പാര്‍ട്ടിയോട് മൃദുസമീപനം കൈക്കൊള്ളുന്നവരെ ലക്ഷ്യമിട്ടാണ് സര്‍ക്കുലര്‍. കെ.പി.സി.സി.യുടെ അനുമതിയില്ലാതെ അനൗപചാരിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയതിനെ ഇത് തള്ളിപ്പറയുന്നു.

യു.ഡി.എഫിന് പുറത്തുള്ള കക്ഷികളുമായി ഒരുതരത്തിലുള്ള പരസ്യധാരണയും അംഗീകരിക്കില്ല. അതേസമയം, ആരുടെയും വോട്ടുതേടുന്നതില്‍ തെറ്റില്ലെന്നും കെ.പി.സി.സി. വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചപ്പോള്‍, മതതീവ്രവാദസംഘടനകളുമായി ചേര്‍ന്നാണ് മത്സരിക്കുന്നതെന്നുകാണിച്ച് ബി.ജെ.പി. ദേശീയതലത്തില്‍ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു.

ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി സഹകരിച്ചാല്‍ അത് ദേശീയതലത്തില്‍ കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാട് അദ്ദേഹം എ.ഐ.സി.സി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതാക്കളുമായി കഴിഞ്ഞദിവസങ്ങളില്‍ യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കെ.പി.സി.സി.യുടെ സര്‍ക്കുലര്‍ വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതില്‍നിന്ന് പിന്മാറി. യു.ഡി.എഫ്. സ്വതന്ത്രരെന്നനിലയില്‍ ചില സ്ഥലങ്ങളില്‍ നീക്കുപോക്ക് സാധിക്കുമോ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

അതിനിടെ മുസ്ലിം യുവജനസംഘടനകളായ സമസ്ത, മുജാഹിദ് എന്നിവര്‍ വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള സഖ്യത്തെ വിലക്കി പരസ്യമായി രംഗത്തുവന്നത് കെ.പി.സി.സി. നിലപാടിന് ശക്തിപകരുന്നതാണ്.