കോട്ടയം: കാസർകോട് കല്ല്യോട്ട്‌ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്ത്‍ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണമേൽനോട്ടം വഹിക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥന്റെ മുൻകാലചരിത്രം കൂടി പരിശോധിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഐ.ജി. ശ്രീജിത്തിനെ അന്വേഷണത്തിന്റെ മേൽനോട്ടചുമതല ഏൽപ്പിച്ചതെന്ന് കെ.പി.സി.സി. അധ്യക്ഷൻ കുറ്റപ്പെടുത്തി. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

കുനിയാൻ പറഞ്ഞാൽ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ഐ.ജി. എസ്.ശ്രീജിത്ത്. ഇടതു സർക്കാരും പാർട്ടിയും പ്രതിരോധത്തിലാകുന്ന കേസുകളെല്ലാം ശ്രീജിത്തിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ടി.പി.ചന്ദ്രശേഖരൻ വധക്കേസ്, വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡിമരണം എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

ഈ കേസുകളിലെല്ലാം കൃത്യമായ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥനാണ് അദ്ദേഹം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ശ്രീജിത്ത് നടത്തിയ നീക്കം സമൂഹത്തിനു മുന്നിലുണ്ട്. കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ശ്രീജിത്തിന്റെ കഴിവെന്താണെന്നും കെ.പി.സി.സി. പ്രസിഡന്റ് ചോദിച്ചു.

എൻ.എസ്.എസിനെക്കുറിച്ച് പറയാൻ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് യാതൊരു അവകാശവുമില്ല. കോടിയേരി ചരിത്രം പഠിക്കണം. എൻ.എസ്.എസിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് ഇപ്പോൾ സി.പി.എം. നടത്തുന്നത്. കേരള കോൺഗ്രസിലെ കാര്യങ്ങൾ ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നം മാത്രമാണ്. അത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല- മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോട്ടയം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, കൊടിക്കുന്നിൽ സുരേഷ് എം.പി. തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

content highlights: mullappally ramachandran, Kerala police, Congress, CPIM