തിരുവനന്തപുരം: ഇന്ദിരാഭവനിൽ ചേർന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വികാരാധീനനായി. തോൽവിയുടെ ഉത്തരവാദിത്വം ചുമത്തി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാൻ പാർട്ടിയിൽ ശ്രമംനടക്കുന്ന സാഹചര്യത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രസംഗം. പ്രസംഗത്തിൽനിന്ന്:

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്. പാർട്ടിയുടെ കസ്‌റ്റോഡിയനായാണ് പ്രവർത്തിച്ചത്. പരാജയത്തിൽ തനിക്കും ഉത്തരവാദിത്വമുണ്ട്. എന്നാൽ, താൻ മാത്രമല്ല ഉത്തരവാദി. പ്രസിഡന്റായപ്പോൾമുതൽ ഐക്യത്തിനാണ് മുൻതൂക്കം നൽകിയത്.

പൂർണ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഒരു ചേരിയുടെയും ഭാഗമാകാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്. അത് ഹൈക്കമാൻഡിന് നൽകിയ ഉറപ്പായിരുന്നു. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിലപ്പെട്ട ഒന്നരക്കൊല്ലമാണ് നഷ്ടമായത്. ജംബൊ കമ്മിറ്റി വേണ്ടെന്ന ഉറച്ചനിലപാടായിരുന്നു തനിക്ക്. അവസാനം ഗ്രൂപ്പുതിരിഞ്ഞ് ഭാരവാഹികളെ നിശ്ചയിക്കുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നു. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന പദ്ധതി കൂടുതൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പ് പ്രചാരണവും കൂട്ടായ ഉത്തരവാദിത്വമായാണ് ചെയ്തത്. പരാജയപ്പെടുമ്പോൾ തന്റെ ഉത്തരവാദിത്വം മാത്രമാക്കിമാറ്റുന്നു. തിരഞ്ഞെടുപ്പിനായി എ.ഐ.സി.സി. നിർദേശിച്ച സമിതിയിലെ ഒരംഗം മാത്രമാണ് താൻ. ഉത്തരവാദിത്വം ആ കമ്മിറ്റിയിലെ എല്ലാവർക്കുമുണ്ട്. വിമർശനത്തെ സത്യസന്ധമായി ഉൾക്കൊള്ളുന്നു. താൻ ഒളിച്ചോടിയിട്ടില്ല. പാർട്ടിയെ സ്നേഹിക്കുന്ന പതിനായിരങ്ങളിൽ ഒരാളായി തന്നെയും കണ്ടാൽമതി. ലോക്‌സഭയിലെപ്പോലെ മികച്ച വിജയത്തിനാണ് ശ്രമിച്ചത്. എന്നാൽ, അതിനു കഴിഞ്ഞില്ല. എന്തായാലും കാലവും ചരിത്രവും താൻ കുറ്റക്കാരനല്ലെന്നു വിധിക്കും.