തിരുവനന്തപുരം: കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനിലെ ജീവനക്കാർക്ക് ചെറിയ ശമ്പളവർധനയ്ക്ക് അനുമതി നൽകിയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പടിയിറങ്ങിയത്. ആയിരം രൂപവീതം ജീവനക്കാർക്ക് കൂടും. കോവിഡ് കാലത്ത് രോഗവ്യാപനം കണക്കിലെടുക്കാതെ ജോലിക്കുവന്നവർക്ക് നേരത്തേ അദ്ദേഹം 2000 രൂപ പാരിതോഷികം നൽകിയിരുന്നു.

എ.ഐ.സി.സി.യോട് മുല്ലപ്പള്ളിയുടെ കാലത്ത് പ്രവർത്തന ഫണ്ട് ചോദിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് നടത്തിപ്പിനായി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവെക്കാനും കഴിഞ്ഞു.

ഏതുനിമിഷവും പുതിയ പ്രസിഡന്റ് സംബന്ധിച്ച പ്രഖ്യാപനം വരാമെന്നതിനാൽ സ്ഥാനമൊഴിയാൻ അദ്ദേഹം തയ്യാറെടുപ്പ് നടത്തിയിരുന്നു. പ്രഖ്യാപനം വന്നപ്പോൾത്തന്നെ സുധാകരനെ വിളിച്ച് അഭിനന്ദിക്കുകയും ചുമതല ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയുംചെയ്തു. ബുധനാഴ്ച ഓഫീസിൽ വന്ന് അക്കാര്യങ്ങൾ സംസാരിക്കാമെന്ന് സുധാകരൻ മറുപടി നൽകി.

ഓഫീസിലുള്ള ഗാന്ധിപ്രതിമയിൽ വണങ്ങി മുല്ലപ്പള്ളി പടിയിറങ്ങി. പാർട്ടിയുടെ കാർ തിരിച്ചേൽപ്പിച്ച് വീട്ടിൽനിന്നു വരുത്തിയ സ്വന്തം അംബാസഡർ കാറിലായിരുന്നു മടക്കയാത്ര. ടി. സിദ്ദിഖ്, ജോൺ വിനേഷ്യസ്, കെ.ബി. ശശികുമാർ എന്നിവർ അദ്ദേഹത്തെ യാത്രയയച്ചു.