കോഴിക്കോട്: ജില്ലയുടെ വിവിധയിടങ്ങളിൽ മൃതദേഹഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തിൽ തെളിഞ്ഞത് ഇരട്ടക്കൊല. അമ്മയെ കൊല്ലുകയും അതിന് കൂട്ടുനിന്നയാളെ പിന്നീട് കൊന്ന് മുറിച്ച് തള്ളുകയും ചെയ്ത പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. മുക്കം വെസ്റ്റ് മണാശ്ശേരി ‘സൗപർണിക’യിൽ ബിർജു (53) ആണ് അറസ്റ്റിലായത്. അമ്മയെ കൊല്ലാൻ സഹായിച്ചതിന്റെ പണം ആവശ്യപ്പെട്ടതോടെയാണ് മലപ്പുറം വണ്ടൂർ സ്വദേശി പുതിയാത്ത് ഇസ്മയിലിനെ കൊലപ്പെടുത്തി ബിർജു ശരീരഭാഗങ്ങൾ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചത്.

ഇസ്മയിലിന്റെ ശരീരഭാഗങ്ങൾ 2017-ലാണ് വിവിധയിടങ്ങളിൽനിന്നു ലഭിച്ചത്. ഇസ്‌മയിലുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബിർജുവാണ് കൊന്നതെന്നു തെളിഞ്ഞത്. നീലഗിരിയിൽനിന്ന് കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിനിടെ ഇരട്ടക്കൊലപാതക വിവരം പുറത്തുവന്നുവെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ടോമിച്ചൻ ജെ. തച്ചങ്കരി പറഞ്ഞു. കോടതി പ്രതിയെ ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.

2016-ലാണ് അമ്മ ജയവല്ലി (70) യെ ബിർജുവും ഇസ്മയിലും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കിയത്. ഇതിനു രണ്ടുലക്ഷം രൂപ ഇസ്മയിൽ ആവശ്യപ്പെട്ടു. ഇസ്മയിലിനെ മുക്കത്തെ വീട്ടിലേക്ക് ബിർജു വിളിച്ചുവരുത്തി മദ്യംനൽകി കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ശരീരങ്ങൾ വെട്ടിനുറുക്കി മൂന്ന് ചാക്കുകളിലാക്കി വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയായിരുന്നു.

Content Highlights:Mukkam Double murder case main accused arrested