കോഴിക്കോട്: പാരമ്പര്യരീതിയിലായാലും ശരി, ഓൺലൈനിൽ ആയാലും ശരി തുഞ്ചത്താചാര്യന്റെ അനുഗ്രഹത്തോടുകൂടി ഈ കുട്ടികൾ അവരുടെ വിദ്യാഭ്യാസം ആരംഭിക്കട്ടെ, അവർക്ക് അതിൽ വിജയം ഉണ്ടാവട്ടെ, അതാണ് ഞങ്ങളുടെ പ്രാർഥന -തിരൂർ തുഞ്ചൻ പറമ്പിൽ വിദ്യാരംഭം നടത്തണമെന്ന ആഗ്രഹം സാധിക്കാത്തവർക്കായുള്ള സന്ദേശത്തിലാണ് എം.ടി. വാസുദേവൻ നായരുടെ വാക്കുകൾ. ഭാഷാപിതാവിന്റെ സന്നിധിയിൽ കുരുന്നുകൾക്ക് ആദ്യക്ഷരമധുരം പകർന്നുകൊടുത്തിരുന്ന പതിവ് ഇക്കുറി ആദ്യമായാണ് മുടങ്ങിയത്. 1993-ൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് അധ്യക്ഷനായി ചുമതലയേറ്റശേഷം ഒന്നൊഴികെ എല്ലാവർഷവും അവിടെവെച്ച് എം.ടി. കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നിരുന്നു. ഒരുവർഷം വിദേശസന്ദർശനത്തിലായതിനാലാണ് എം.ടി.ക്ക് വിദ്യാരംഭച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. കോവിഡ് രോഗവ്യാപനസാധ്യത പരിഗണിച്ച് ഇതാദ്യമായാണ് തുഞ്ചൻപറമ്പിൽ വിദ്യാരംഭച്ചടങ്ങുകൾ പൂർണമായി ഒഴിവാക്കിയത്.

എം.ടി.യുടെ സന്ദേശത്തിൽനിന്ന്

തുഞ്ചത്താചാര്യന്റെ ജന്മഭൂമിയിൽ പഴയകാലത്ത് അദ്ദേഹം കുട്ടികൾക്ക് അക്ഷരം കുറിച്ചുകൊടുത്തതിന്റെ ഓർമയിലാണ് തുഞ്ചൻ പറമ്പിലേക്ക് പലയിടത്തുനിന്നും കുട്ടികൾ വരുന്നത്. അരിയിൽ എഴുതിക്കുക എന്നുള്ളത് കേരളത്തിന്റെ ഒരു രീതിയാണ്. പിന്നെ നാവിലും ഹരിശ്രീ എഴുതിക്കാറുണ്ട്.

തുഞ്ചത്താചാര്യന്റെ സ്ഥലത്തുവെച്ചാണ് കുട്ടി വിദ്യാഭ്യാസം തുടങ്ങുന്നത് എന്നത് ഒന്നാമത്തെ പ്രാധാന്യം. എഴുത്ത് എന്ന് പറയുന്നത് ആഹാരമാണ്. അതുകൊണ്ടാണ് അരിയിൽ എഴുതിക്കുന്നത്. അറിവ് സമ്പത്താണ്. അതുകൊണ്ടാണ് സ്വർണംകൊണ്ട് നാവിൽ ഹരിശ്രീ എഴുതിക്കുന്നത്. ഇതൊക്കെയാണ് ഇതിനുപിന്നിലുള്ള സങ്കല്പങ്ങൾ.

ഇക്കുറി കോവിഡ് വ്യാപനം കാരണം കുട്ടികൾ വരേണ്ടതില്ല എന്ന് പറഞ്ഞിരിക്കുകയാണ്. സാധാരണ നാലായിരത്തിലധികം കുട്ടികൾ വരാറുണ്ട്.

ഇത്രയും ആളുകൾ തുഞ്ചൻപറമ്പിനുള്ളിലുണ്ടാവും. അതുകൊണ്ടാണ് ഈ നിലയിലല്ലാതെ, ഓൺലൈനിൽ അപേക്ഷിക്കുന്നവർക്കായി അക്ഷരമാലയും ഇവിടെനിന്നുള്ള സന്ദേശവും അയച്ചുകൊടുക്കാൻ തീരുമാനിച്ചത്.

ഇത്രയധികം കുട്ടികളും ആൾക്കാരും ഒന്നിച്ച് കൂടിക്കലർന്നു പെരുമാറിയാൽ അപകടം ആവുമെന്ന ഇന്നത്തെ സാഹചര്യം പരിഗണിച്ചാണിത്. പലയിടത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതു വരാതിരിക്കാനാണ് ഗവൺമെന്റിന്റെയും ആരോഗ്യവകുപ്പിന്റെയും മുനിസിപ്പാലിറ്റിയുടെയും നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുന്നത് -എം.ടി. പറഞ്ഞു.

Content Highlight: MT Vasudevan Nair  Vijayadashami wishes