കൊച്ചി: കോഴിക്കാല്‍ കയറ്റുമതി ചെയ്യാമെന്നേറ്റ് വിദേശ കമ്പനിയില്‍നിന്ന് പണം വാങ്ങി ചരക്ക് നല്‍കാതിരുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ (എം.പി.ഐ.) യിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ പോലീസ് അന്വേഷണം. വിദേശ കമ്പനിയുടെ പരാതിയെ തുടര്‍ന്ന് എം.പി.ഐ. ജനറല്‍ മാനേജര്‍ക്കെതിരേയാണ് പോലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. നേപ്പാളില്‍നിന്നുള്ള കമ്പനി അധികൃതരാണ് പോലസീല്‍ പരാതി നല്‍കിയിരിക്കുന്നത്.

എം.പി.ഐ.ക്ക് കയറ്റുമതി ലൈസന്‍സ് പോലുമില്ല. എന്നാല്‍ മറ്റൊരു കമ്പനിയുടെ പേരില്‍ കോഴിക്കാല്‍ നല്‍കാമെന്ന് ഏറ്റ് എം.പി.ഐ.യിലെ സംസ്‌കരണ കേന്ദ്രവും മറ്റും കാട്ടിക്കൊടുത്ത് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി. 35,000 ഡോളര്‍ കമ്പനി സാധനത്തിനായി അഡ്വാന്‍സ് നല്‍കി. പിന്നീട് ചരക്കുമില്ല പണവുമില്ലെന്നായപ്പോള്‍, കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി.യാണ് കേസ് അന്വേഷിക്കുന്നത്.

വെബ്‌സൈറ്റ് വഴി എം.പി.ഐ.യുടെ പ്രവര്‍ത്തനങ്ങളറിഞ്ഞ് കോഴിക്കാല്‍ വാങ്ങുന്നതിന് വിദേശ കമ്പനി എം.പി.ഐ.യാണ് സമീപിച്ചത്. എന്നാല്‍, കമ്പനിക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കില്ലെന്നിരിക്കെ ജനറല്‍ മാനേജര്‍, പെരുമ്പാവൂരിലുള്ള മറ്റൊരു കമ്പനിയുമായി ബന്ധപ്പെടുത്തുകയായിരുന്നു. എം.പി.ഐ. ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്. എം.പി.ഐ.യിലെ സൗകര്യങ്ങളും മറ്റും കാട്ടി തെറ്റിദ്ധരിപ്പിച്ചുവെന്നും കമ്പനി പോലീസ് പരാതിയില്‍ പറയുന്നുണ്ട്.

എം.പി.ഐ.ക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് ചെയര്‍മാന്‍ ടി.ആര്‍. രമേഷ്‌കുമാര്‍ 'മാതൃഭൂമി'യോടു പറഞ്ഞു. കയറ്റുമതി ലൈസന്‍സ് പോലും കമ്പനിക്ക് ഇല്ല. ഇത്തരം ഒരു ചര്‍ച്ചയ്ക്കും കമ്പനി ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ല. അതേസമയം വിദേശ കമ്പനി ഇതു സംബന്ധിച്ച് എം.പി.ഐ.ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും രമേഷ് കുമാര്‍ വ്യക്തമാക്കി. വിദേശ കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജനറല്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനി ആദ്യം വന്നത് എം.പി.ഐ.യിലാണ്. എന്നാല്‍, തങ്ങള്‍ക്ക് കയറ്റുമതി സാധ്യതകള്‍ ഇല്ലെന്ന് വ്യക്തമാക്കി. അതിനുശേഷം പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേരുടെ പേരിലുള്ള കമ്പനി വഴി സാധനം എത്തിക്കാമെന്ന് വാക്ക് നല്‍കുകയായിരുന്നു

നേപ്പാള്‍ കമ്പനി പരാതി നല്‍കിയിട്ടുണ്ടെങ്കിലും, വ്യക്തമായ കരാറിന്റെ കോപ്പിയൊന്നും ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മൂവാറ്റുപുഴ ഡിവൈ.എസ്.പി. ബിജുമോന്‍ 'മാതൃഭൂമി'യോടു വ്യക്തമാക്കി. എം.പി.ഐ.യുടെ സൗകര്യങ്ങളെല്ലാം കാട്ടി, അവിടെ ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നുവെന്ന് വരുത്തിയാണ് കയറ്റുമതിക്കുള്ള ഓര്‍ഡര്‍ ഉറപ്പിച്ചതെന്നാണ് നേപ്പാള്‍ കമ്പനി പറയുന്നത്. എം.പി.ഐ.യുമായി ഇതു സംബന്ധിച്ച് കരാറുകളൊന്നുമില്ല. എന്നാല്‍, പെരുമ്പാവൂരിലെ എം.പി.ഐ. ജനറല്‍ മാനേജര്‍ ഇതിനായി ഇടനില നിന്നുവെന്നാണ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എം.പി.ഐ.യില്‍ വിവരങ്ങള്‍ തിരക്കാന്‍ ചെന്നെങ്കിലും പരാതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതനെ കണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡിവൈ.എസ്.പി. പറഞ്ഞു. പ്രാഥമികാന്വേഷണത്തിനു ശേഷം സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.പി.ഐ. ആരെയും ചുമതലപ്പെടുത്തിയിട്ടില്ല

കയറ്റുമതി രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ എം.പി.ഐ.ക്ക് വിദേശത്തേക്ക് ഉത്പന്നങ്ങള്‍ അയയ്ക്കാനാവില്ല. വില്പന ഓര്‍ഡര്‍ സ്വീകരിക്കേണ്ടതും മറ്റും എം.പി.ഐ.യുടെ മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ ചുമതലയാണ്. ജനറല്‍ മാനേജര്‍ ഇക്കാര്യത്തില്‍ എങ്ങനെ ഇടപെട്ടുവെന്നറിയില്ല. സ്ഥാപനത്തിന്റെ പ്ലാന്റും മറ്റും കാണാന്‍ നിരവധി ആളുകള്‍ വരാറുണ്ട്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. വിദേശ കമ്പനിയുടെ പരാതിയില്‍ ജനറല്‍ മാനേജരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഡിവൈ.എസ്.പി.യും ബന്ധപ്പെട്ടിരുന്നു. കമ്പനിക്ക് ബന്ധമില്ലെന്ന കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഡോ. എ.എസ്. ബിജുലാല്‍

മാനേജിങ് ഡയറക്ടര്‍

എം.പി.ഐ.