mp veerendra kumarസോഷ്യലിസ്റ്റുകളാണോ കമ്യൂണിസ്റ്റുകാരാണോ ആദർശത്തിൽ മുന്നിലെന്നത് എക്കാലത്തെയും തർക്കവിഷയമാണ്. സോഷ്യലിസ്റ്റ്ചേരിയിലുള്ള പ്രമുഖൻതന്നെ കമ്യൂണിസ്റ്റ് നേതാവിനെ ആദർശപുരുഷനായി പ്രഖ്യാപിക്കുന്നത് സോഷ്യലിസ്റ്റുകാരിലും കമ്യൂണിസ്റ്റുകാരിലും ഒരുപോലെ കൗതുകത്തിനിടയാക്കിയിട്ടുണ്ട്.

ജയപ്രകാശ് നാരായണിൽനിന്ന് 16-ാംവയസ്സിൽ ഒരുരൂപ നൽകി സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത എം.പി. വീരേന്ദ്രകുമാർ ഉള്ളുതറക്കുമ്പോഴൊക്കെ പറയുമായിരുന്നു ‘‘എന്നെ ബൗദ്ധികമായി സ്വാധീനിച്ചത് ലോഹ്യയും വൈകാരികമായി സ്വാധീനിച്ചത് എ.കെ.ജി.യുമാണ്’’. കമ്യൂണിസ്റ്റുകാരിലെ സോഷ്യലിസ്റ്റും സോഷ്യലിസ്റ്റുകാരിലെ കമ്യൂണിസ്റ്റും തമ്മിലുള്ള ആത്മബന്ധം വിവരിക്കുന്നതാണ് വീരേന്ദ്രകുമാറിന്റെ ഈ വാക്കുകൾ.

രാഷ്ട്രീയത്തിലെന്നും ഇടതുസഹയാത്രികനായി അറിയപ്പെട്ട ഈ ബഹുമുഖപ്രതിഭയ്ക്ക് പാവപ്പെട്ടവന്റെയും സാധാരണക്കാരുടെയും മനസ്സൊപ്പിയെടുക്കാൻ എ.കെ.ജി.യുമായുള്ള സൗഹൃദവും യാത്രകളും സഹായകരമായിട്ടുണ്ട്. പ്രസംഗിക്കാനുള്ള പദം എന്നതിനപ്പുറം സോഷ്യലിസത്തെ വികാരമായി മനസ്സിൽകൊണ്ടുനടന്ന വീരേന്ദ്രകുമാറിന് ജനകീയതയാർജിക്കാൻ ഈ ബന്ധം പ്രയോജനംചെയ്തു.

വിട്ടുവീഴ്ചയില്ലാത്ത നേതാവ്

അരങ്ങിൽ ശ്രീധരനും പി. വിശ്വംഭരനും കെ. ചന്ദ്രശേഖരനും പി.ആർ. കുറുപ്പിനുമൊപ്പം പോരാളിയായി നിറഞ്ഞുനിന്ന സോഷ്യലിസ്റ്റുകാരുടെ പ്രിയപ്പെട്ട വീരൻ രാഷ്ടീയലക്ഷ്യങ്ങളിലും വ്യക്തിജീവിതത്തിലും വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നില്ല. രാഷ്ട്രീയത്തിൽ എന്തായിത്തീരും എന്നുനോക്കിയല്ല ഞങ്ങൾ സോഷ്യലിസ്റ്റുകൾ നിലപാട് എടുത്തിരുന്നതെന്ന് അദ്ദേഹം എന്നും പറയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് വീടും സ്വത്തും കണ്ടുകെട്ടിയപ്പോഴും നെ‍ഞ്ചുറപ്പോടെ നിലപാടിൽ ഉറച്ചുനിന്നു. സോഷ്യലിസ്റ്റ് പാർട്ടിയുടെ ആൾബലമായിരുന്നില്ല, വീരേന്ദ്രകുമാറിന്റെ നിശ്ചയദാർഢ്യമായിരുന്നു അന്നത്തെ പ്രതിപക്ഷ ഏകോപനസമിതിയുടെ കൺവീനറായി പ്രവർത്തിക്കാൻ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

എ.കെ.ജി.യും ഇ.എം.എസും ഒരുമിച്ചു പങ്കെടുത്ത അവസാനത്തെ മുന്നണിയോഗം 1975 ജൂലായ് അഞ്ചിന് കോഴിക്കോട് കിഡ്സൺ ഹോട്ടലിൽ ചേർന്നപ്പോൾ മിനുട്ട്സ് എഴുതിയകാര്യം അദ്ദേഹം അഭിമാനപൂർവം സ്മരിക്കാറുണ്ട്. യോഗം പിരിഞ്ഞ് വൈകീട്ട് കുഞ്ഞിരാമപ്പൊതുവാളിന്റെ വീട്ടിലേക്കു വരാൻ എ.കെ.ജി. പറഞ്ഞു.

സമരവുമായി നടന്നാൽ ജയിലിലാവും. ഒളിവിൽ കഴിഞ്ഞ് പാർട്ടിയെ നയിക്കണമെന്ന് എ.കെ.ജി. ആവശ്യപ്പെട്ടു. ഞങ്ങളുടേത് ചെറിയ പാർട്ടിയാണ്, അതിനൊന്നും സാധിക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു വീരേന്ദ്രകുമാറിന്റെ മറുപടി. ഒളിവിൽ കഴിയാനുള്ള എല്ലാ സഹായവും ചെയ്തുതരാമെന്നായി എ.കെ.ജി. അങ്ങനെയാണ് മധുരയിൽ എ.കെ.ജി.യുടെ നിർദേശപ്രകാരം ഒളിവിൽ കഴിഞ്ഞത്. ജീവിക്കാൻ പണമില്ലാതെ വന്നപ്പോൾ ഒരുദിവസം റെയിൽവേസ്റ്റേഷനിൽ ആളെയയച്ച് വിളിച്ചുവരുത്തി 3,000 രൂപ കൊടുത്തു. വൈകാതെ ജയിലിലായി. ജയിൽവാസം ഈ സോഷ്യലിസ്റ്റ് നേതാവിനെ കൂടുതൽ പരുവപ്പെടുത്തി.

1987-ൽ തിളക്കമാർന്ന ജയത്തോടെ ഇ.കെ. നായനാർ സർക്കാർ അധികാരത്തിൽവന്നപ്പോൾ കല്പറ്റയിൽനിന്ന് ജയിച്ചു. മന്ത്രിയുമായി. പാർട്ടിക്കുള്ളിലെ തർക്കം മുറുമുറുപ്പായപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ സത്യപ്രതിജ്ഞ ചെയ്തതിന്റെ രണ്ടാംനാൾ രാജിവെച്ചൊഴിഞ്ഞു. മുന്നണിയുടെ കെട്ടുറപ്പിനേക്കാൾ വലുതല്ല മന്ത്രിസ്ഥാനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് കോഴിക്കോട്ടുനിന്ന് മത്സരിച്ച് ലോക്‌സഭാംഗവും പിന്നെ രാജ്യസഭാംഗവുമായി. ഇടയ്ക്ക്‌ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു.

‘വീട്ടിലേക്കുള്ള’ മടക്കം

പാർട്ടിയുടെ അസ്തിത്വത്തെ ചോദ്യംചെയ്ത് നിലവിലുള്ള സീറ്റ് മുന്നണി നിഷേധിച്ചപ്പോൾ രാഷ്ട്രീയനിലനിൽപ്പിനുവേണ്ടി ഇടതുമുന്നണി വിടാൻ നിർബന്ധിതമായി. വ്യക്തിപരമായി മുന്നണിമാറ്റത്തോട് ഒട്ടും താത്പര്യമില്ലാത്ത തീരുമാനമെടുക്കേണ്ടിവന്നത് അന്നത്തെ രാഷ്ട്രീയ അനിവാര്യതയായിരുന്നെന്ന് അദ്ദേഹം സ്വകാര്യസംഭാഷണങ്ങളിൽ പറയുമായിരുന്നു.

വീണ്ടും ഇടതുമുന്നണിയിലേക്ക് തിരിച്ചുവന്നപ്പോൾ വീട്ടിൽ മടങ്ങിയെത്തിയ ആശ്വാസമെന്നാണ് വീരേന്ദ്രകുമാർ പറഞ്ഞത്. അപ്പോഴും രാഷ്ട്രീയനിലപാടുകൾ വ്യക്തിപരമായ സൗഹൃദങ്ങൾക്ക് തടസ്സമായിക്കൂടെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. രാഷ്ട്രീയമായി രണ്ടുതട്ടിലായപ്പോഴും പിണറായി വിജയൻ, എ.കെ. ആൻറണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളുമായി വ്യക്തിപരമായ സൗഹൃദത്തിന് കോട്ടംതട്ടാതെ സൂക്ഷിച്ചു.