തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രസിച്ച കോവിഡ് മഹാമാരിയെ നേരിടാനുള്ള തുടർപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗമാണ് എം.പി. വീരേന്ദ്രകുമാർ എം.പി.. തലസ്ഥാനവുമായി ബന്ധപ്പെട്ട് നടത്തിയ അവസാനത്തെ ഇടപെടൽ. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തെ ക്രിയാത്മക നിർദേശങ്ങളിലൂടെ അദ്ദേഹം സജീവമാക്കി. സർക്കാർ നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

നടപ്പ് രാഷ്ട്രീയകോലാഹലങ്ങളല്ല, ലോകത്തെ പിടിമുറുക്കാനിരിക്കുന്ന സാമ്പത്തികശക്തികളുടെ ആപത്തുകളെക്കുറിച്ച് സദാ ജാഗരൂകരാക്കുന്ന മുന്നറിയിപ്പുകളാണ് അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിലൂടെ സംഭാവന നൽകാൻ ശ്രമിച്ചത്. സംസ്ഥാനത്ത് ഒരുദിവസംമാത്രം മന്ത്രിയായിരുന്ന് രാജിവെക്കേണ്ട സാഹചര്യമുണ്ടായപ്പോൾ താൻ പുറപ്പെടുവിക്കേണ്ട ഉത്തരവിനെക്കുറിച്ച് അദ്ദേഹത്തിനു സംശയമില്ലായിരുന്നു. സംസ്ഥാനത്തെ വനങ്ങളിൽനിന്ന് ഒരു മരംപോലും മുറിക്കരുതെന്ന ഒറ്റ ഉത്തരവിലൂടെ ഒരു ദിവസത്തെ മന്ത്രിപദം അദ്ദേഹം സാർഥകമാക്കി.

നിലപാടായിരുന്നു രാഷ്ട്രീയപ്രവർത്തനത്തിന്റെ മൂലധനം. സോഷ്യലിസ്റ്റ് ചേരിയിൽ നിലയുറപ്പിക്കാനുള്ള കാരണവും അതുതന്നെ. എൽ.ഡി.എഫ്. വിട്ട് യു.ഡി.എഫിൽ എത്തിയപ്പോൾ ലഭിച്ച രാജ്യസഭാ എം.പി.സ്ഥാനം മടങ്ങിപ്പോക്കിനു തടസ്സമാകരുതെന്ന് അദ്ദേഹം ശഠിച്ചു. എം.പി.സ്ഥാനം രാജിവെച്ചാണ് അദ്ദേഹം തിരിച്ച് ഇടതുമുന്നണിയിലെത്തിയത്. സോഷ്യലിസ്റ്റുകളുടെ പാത ഇടതുപക്ഷത്തിനൊപ്പം ചേർന്നാണെന്ന തിരിച്ചറിവായിരുന്നു അതിനു പ്രേരണ. ഇടതുമുന്നണിയെ പ്രതിനിധാനംചെയ്താണ് അദ്ദേഹം വീണ്ടും രാജ്യസഭാംഗമായത്.