തിരുവനന്തപുരം: മാതൃഭൂമി മുൻ മാനേജിങ്‌ ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറിന്റെ 84-ാം ജന്മദിനാചരണത്തോടനുബന്ധിച്ച് ജയപ്രകാശ് കൾച്ചറൽ സെൻറർ മുഖപത്രമായ സോഷ്യലിസ്റ്റ് പത്രിക, എം.പി.വീരേന്ദ്രകുമാർ അനുസ്മരണ വിശേഷാൽ പതിപ്പ് പുറത്തിറക്കി. സ്മരണികയുടെ പ്രകാശനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.

എം.പി.വീരേന്ദ്രകുമാറിന്റെ വിയോഗം ഒരു കുടുംബാംഗത്തിന്റേതിനു സമാനമാണെന്ന് മന്ത്രി പറഞ്ഞു. കൊക്കകോളയെ മുട്ടുകുത്തിച്ച പ്ലാച്ചിമട സമരത്തിന്റെ യഥാർത്ഥ പോരാളി എം.പി.വീരേന്ദ്രകുമാറാണെന്ന് അദ്ദേഹം പറഞ്ഞു. ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് ചാരുപാറ രവി അധ്യക്ഷത വഹിച്ചു.

പ്രമുഖ സോഷ്യലിസ്റ്റും അന്തരിച്ച ജോർജ് ഫെർണാണ്ടസിന്റെ സഹോദരനുമായ മൈക്കിൾ ഫെർണാണ്ടസ് ഓൺലൈനിലൂടെ വീരേന്ദ്രകുമാർ അനുസ്മരണം നടത്തി. അടിയന്തരാവസ്ഥക്കാലത്തെ വീരേന്ദ്രകുമാറുമൊത്തുള്ള ഒളിവുകാല അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് യോഗം ചേർന്നത്. എൽ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി.സുരേന്ദ്രൻ പിള്ള, എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എൻ.എം.നായർ, മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടൻറ് ജി.ശേഖരൻ നായർ, മാതൃഭൂമി ടി.വി. ഓപ്പറേഷൻസ് മാനേജർ ആർ.മുരളി, എൽ.ജെ.ഡി. നേതാക്കളായ ഷെബീർ മാറ്റപ്പള്ളി, മലയിൻകീഴ് ചന്ദ്രൻ, വലിയശാല നീലകണ്ഠൻ, ചീരാണിക്കര സുരേഷ്, പി.മണി, കെ.ഉണ്ണികൃഷ്ണപിള്ള, കേരള എൻ.ജി.ഒ. സെൻറർ സംസ്ഥാന വൈസ് പ്രസിഡന്റ് വട്ടിയൂർക്കാവ് രാജൻ, സെക്രട്ടറി എസ്.സുനിൽ കുമാർ, പാലോട് മോഹനൻ പിള്ള, കെ.സുബ്രഹ്മണ്യം പിള്ള, മണ്ണന്തല പ്രബോദ് ബാബു, വിനോജ് സുരേന്ദ്രൻ, ശ്രീജിത് ശങ്കർ എന്നിവർ പങ്കെടുത്തു.

Content Highlight: MP Veerendra Kumar's special commemorative edition released