കോഴിക്കോട്: ഇതളുകൾ പൊഴിഞ്ഞുതുടങ്ങിയ പുഷ്പചക്രങ്ങൾ ഒന്നൊന്നായി എടുത്തുമാറ്റി. വെള്ളിയാഴ്ച രാവിലെ 11.00. പ്രധാന കർമരംഗമായ കോഴിക്കോടുവിട്ട് ജന്മനാടായ വയനാട്ടിലേക്ക്. എം.പി. വീരേന്ദ്രകുമാർ എന്ന വലിയ മനുഷ്യൻ ജീവിതത്തിന്റെ ഉയർച്ചതാഴ്ചകൾകണ്ട കോഴിക്കോട്ടുനിന്ന് ആകാശംമുട്ടുന്ന മലനിരകളുടെ നാടായ വയനാട്ടിലേക്ക്.
ജീവിതത്തിൽ അദ്ദേഹം ആരെയും അകറ്റിനിർത്തിയില്ല. നാടിന്റെ പ്രശ്നങ്ങളിൽനിന്ന് അകലംപാലിച്ചുമില്ല. അദ്ദേഹത്തിന്റെ വിലാപയാത്രയും മരണാനന്തരച്ചടങ്ങുകളുമെല്ലാം സാമൂഹികമായ അകലംപാലിക്കലിന്റെ നിബന്ധനകളോടെയായിരുന്നു. അതിനാൽ കല്പറ്റയിലെത്തുംവരെ ആ ഭൗതികശരീരം ആർക്കും കാണാനായില്ല. കോഴിക്കോട്ടെ വസതിയിൽനിന്ന് സഹധർമിണി ഉഷാ വീരേന്ദ്രകുമാറും മകൻ എം.വി. ശ്രേയാംസ്‌കുമാറും ബന്ധുക്കളും സുഹൃത്തുക്കളും പ്രമുഖരും കല്പറ്റ പുളിയാർമലയിലെ വസതിയിലേക്ക് അനുയാത്രചെയ്തു.
ലോകസഞ്ചാരങ്ങളിലൂടെ തന്റെ അറിവും അനുഭവവും സ്വരുക്കൂട്ടിയ യാത്രികന്റെ അവസാനയാത്രയ്ക്കൊരുങ്ങി വീട്. വംശവൃക്ഷത്തിൽ തന്റെ തായ്‌വേരുകളായ എം.കെ. കൃഷ്ണ ഗൗഡരുടെയും സുബ്ബി അവ്വയുടെയും എം.കെ. പത്മപ്രഭാഗൗഡരുടെയും മരുതേവി അവ്വയുടെയും കറുപ്പും വെളുപ്പുമാർന്ന മിഴിവുറ്റ ചിത്രങ്ങൾക്കുചുവടെ അദ്ദേഹത്തിന്റെ മൃതദേഹം കിടത്തി.
ഓരോരോ ആവശ്യങ്ങൾ പറഞ്ഞ് അനേകരെത്തിയിരുന്ന ആ വലിയ സ്വീകരണമുറിയിലേക്ക് നിശ്ചിത അകലംപാലിച്ച് അവരിൽ പലരും വീണ്ടുമെത്തി. സമുന്നതരായ സോഷ്യലിസ്റ്റ് നേതാക്കൾമുതൽ സാധാരണക്കാർവരെ.
ഒരുക്കിെവച്ച ധാന്യമണികളും നെയ്ത്തിരികളും പൂജാദ്രവ്യങ്ങളും സാക്ഷി. തൂവെണ്മയാർന്ന വസ്ത്രങ്ങളിൽ പൊതിഞ്ഞ ഭൗതികദേഹം നാലുമണിയോടെ ഗൃഹാങ്കണത്തിലേക്ക്. പാരമ്പര്യശ്മശാനത്തിൽ തന്റെ പൂർവികരുടെ സ്വന്തം മണ്ണിലേക്ക്. എന്നും പ്രകൃതിയെക്കുറിച്ച് വ്യാകുലപ്പെട്ട തന്റെ പുത്രനെ പ്രകൃതിമനോഹരമായ വയനാടിന്റെ മണ്ണ് ഏറ്റുവാങ്ങി.
Content Highlight: MP veerendra kumar's last journey from Kozhikode to Wayand