കോഴിക്കോട്: സമ്പന്നകുടുംബത്തിൽ ജനിച്ചിട്ടും സാധാരണക്കാരിൽ സാധാരണക്കാർക്കുവേണ്ടി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും സമരമുഖങ്ങളിലൂടെയും പതിറ്റാണ്ടുകൾ പോരാടിയ നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാർ. അതിൽ ഒന്നുമാത്രമാണ് ജലചൂഷണത്തിന് എതിരേ രാജ്യാന്തര കുത്തക കമ്പനിയായ കൊക്കകോളയ്ക്ക് എതിരേ പാലക്കാട് പ്ളാച്ചിമടയിൽ നടന്ന സമരം. താൻനേരിട്ട് സമരത്തിന് ഇറങ്ങുന്നതിനൊപ്പം താൻ മാനേജിങ് ഡയറക്ടറായുള്ള പത്രവും അദ്ദേഹത്തോടൊപ്പം സമരരംഗത്തിറങ്ങി. അതുമൂലം തന്റെ കമ്പനിക്ക് എത്ര വലിയ സാമ്പത്തികനഷ്ടം ഉണ്ടായാലും കേരളജനതയുടെ കുടിവെള്ളം കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന നിലപാടിൽ കടുകിട വ്യത്യാസം വരുത്താതെ അദ്ദേഹം ഉറച്ചുനിന്നു.

ഏക്കറുകളോളം ഭൂമിയിൽകൃഷിയുള്ള കർഷകമുതലാളിയായിരുന്നിട്ടും കർഷകരുടെ ക്ഷേമങ്ങൾ മുൻനിർത്തി ഒട്ടേറെ പ്രത്യക്ഷസമരങ്ങൾ അദ്ദേഹം നയിച്ചു. കർഷകർക്കുവേണ്ടി എഴുത്തിലൂടെ ശക്തമായി തൂലിക ചലിപ്പിച്ചു.

അടിയന്തരാവസ്ഥയ്ക്ക് എതിരേയും രാഷ്ട്രീയ പോരാട്ടങ്ങൾ നയിച്ചു.

സാധാരണക്കാർക്കും തൊഴിലാളി വിഭാഗത്തിനും കർഷകർക്കുംവേണ്ടി നിയമനിർമാണസഭയിലും അന്താരാഷ്ട്ര തൊഴിൽസംഘടനയിലും പൊതുവേദികളിലും മൂർച്ചയേറിയ നാക്കും പേനയുമായി അദ്ദേഹം രംഗത്തിറങ്ങി. ഒപ്പം, നിൽക്കാൻ ആരെങ്കിലും ഉണ്ടാകുമോ എന്നുപോലും ചിന്തിക്കാതെയാണ് മിക്കപ്പോഴും വിഷയങ്ങളിൽ ഇടപ്പെട്ടിരുന്നത്. അദ്ദേഹം നടന്ന വഴിയേ പിന്നീട് മറ്റുനേതാക്കൾ ഒപ്പംകൂടുകയായിരുന്നു. മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും ഒട്ടേറെ സമരമുഖങ്ങളിൽ സജീവസാന്നിധ്യമായി.