കനമുള്ള വാക്കും കറവീഴാത്ത നിലപാടുമായി കേരളരാഷ്ട്രീയത്തിൽ പലവഴികളിലൂടെ നടന്ന നേതാവായിരുന്നു എം.പി. വീരേന്ദ്രകുമാർ. സോഷ്യലിസ്റ്റ് നേതാവെന്ന ഒറ്റ വിളിപ്പേരിൽ പാർട്ടിക്കും ചിഹ്നത്തിനും അതീതനായി വീരേന്ദ്രകുമാറിനോളം വളർന്ന അധികംപേർ കേരള രാഷ്ട്രീയത്തിലില്ല. ജനതാപാർട്ടിയുടെ ഭാഗമായിരിക്കുമ്പോഴും വർഗീയനിലപാടുകളെ അദ്ദേഹം നഖശിഖാന്തം എതിർത്തു.

സോഷ്യലിസ്റ്റ് ഐക്യവും ശക്തമായ ഇടതുപക്ഷവുമെന്ന നിലപാട് അവസാനംവരെ മനസ്സിൽ കൊണ്ടുനടന്ന അദ്ദേഹം ദേശീയതലത്തിൽത്തന്നെ കോൺഗ്രസും ബി.ജെ.പി.യിതര പക്ഷത്തിന്റെ മുഖ്യ വക്താവായി. മൂർച്ചയുള്ള വാക്കുതിർക്കുമ്പോഴും മറുചേരിയിലുള്ളവരുടെ മനസ്സ് മുറിവേൽക്കാതിരിക്കാൻ മനസ്സുകാണിച്ച വ്യക്തിത്വവും അദ്ദേഹത്തിന് സ്വന്തമായിരുന്നു.

സ്വാതന്ത്ര്യസമരത്തിന്റെ മൂശയിൽ രൂപപ്പെട്ട രാഷ്ട്രീയബോധമാണ് വീരേന്ദ്രകുമാറിനെ നേതാവാക്കിയത്. തണലും തണുപ്പുമുള്ള വഴികളിൽനിന്ന് ചൂടുംചൂരും തട്ടുന്ന ഇടവഴികളിലേക്ക് അദ്ദേഹം മാറിനടന്നു. ജയപ്രകാശ് നാരായണും റാം മനോഹർ ലോഹ്യയുമെല്ലാം പകർന്ന സോഷ്യലിസ്റ്റ് ആശയം വീരേന്ദ്രകുമാറിന്റെ ഉള്ളിൽ നിറച്ചത് ഇടതുപക്ഷ രാഷ്ട്രീയമാണ്. എ.കെ.ജി.ക്കും ഇ.എം.എസിനുമൊപ്പം കേരളരാഷ്ട്രീയത്തിന്റെ പല വഴികളിലും വീരേന്ദ്രകുമാറിന്റെ ചുവടും പതിഞ്ഞത് അങ്ങനെയാണ്.

ആ വഴികളിൽ സാഹസം നേരിടാൻ അദ്ദേഹം മടിച്ചില്ല. ജോർജ് ഫെർണാണ്ടസെന്ന സോഷ്യലിസ്റ്റ് വിപ്ലവകാരി വയനാട്ടിൽ ഒളിവിലെത്തുന്നത് അതിന്റെ ഭാഗമായാണ്. ഇപ്പോഴത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശരിയത്ത് കേസിൽ കോൺഗ്രസിൽനിന്ന് പടിയിറങ്ങിയപ്പോൾ കേരളത്തിലേക്ക് അദ്ദേഹത്തെ ആനയിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ചത് നിലപാടുകളുടെ സാക്ഷ്യമായിരുന്നു.

ദേശീയതലത്തിൽത്തന്നെ സോഷ്യലിസ്റ്റ് പാർട്ടികൾ ശിഥിലമായപ്പോഴും വീരേന്ദ്രകുമാർ എന്ന നേതാവിന് മങ്ങലുണ്ടായില്ല. പാർട്ടിയുടെ പേരും കൊടിയുടെ നിറവുമല്ല നിലപാടുകളാണ്‌ മുഖ്യമെന്ന് അദ്ദേഹം ഒാരോ ഘട്ടത്തിലും തെളിയിച്ചു. നിതീഷ് കുമാർ എന്ന ഉറ്റസുഹൃത്ത് ബി.ജെ.പി. രാഷ്ട്രീയത്തിന്റെ വഴി സ്വീകരിച്ചപ്പോൾ, ഈ രാഷ്ട്രീയവഴിയിൽ താൻ കൂട്ടില്ലെന്ന്‌ തുറന്നടിച്ച് ജെ.ഡി.യു. വിട്ടിറങ്ങിയത് സമീപകാലത്താണ്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകൻ കുമാരസ്വാമി ബി.ജെ.പി.യുമായി ചേർന്ന് സർക്കാരുണ്ടാക്കിയപ്പോൾ ഗൗഡയിൽനിന്നകന്ന് നിൽക്കാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇക്കാലത്തെല്ലാം ഭാവിയിലെ ഉത്കണ്ഠകളെക്കുറിച്ച് അദേഹം ജനങ്ങളെ ബോധവാന്മാരാക്കിക്കൊണ്ടിരുന്നു. ഗാട്ട് പോലുള്ള സാമ്പത്തിക കരാറുകളുണ്ടാക്കുന്ന കെട്ടുപാടുകൾ അദ്ദേഹം മലയാളികൾക്ക് പകർന്നു. കുടിവെള്ളവും രാഷ്ട്രീയ വിഷയമാണെന്ന് പ്ലാച്ചിമടയിൽ ബോധ്യപ്പെടുത്തിയ വീരേന്ദ്രകുമാറിനൊപ്പം അന്ന് ആ സോഷ്യലിസ്റ്റ് ശക്തിയുണ്ടായിരുന്നു.

രാഷ്ട്രീയത്തിൽ ഒരേ ലക്ഷ്യത്തിനുതന്നെ പലവഴികളുണ്ടെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കാറുള്ള നേതാവാണ് വീരേന്ദ്രകുമാർ. അത് ശരിയാണെന്നു ബോധ്യപ്പെടുത്തുന്ന വിധമായിരുന്നു സോഷ്യലിസ്റ്റ് പാർട്ടികളുടെ കേരളത്തിലെ ചരിത്രവും.

കഴിഞ്ഞതുപോലെയല്ല പുതിയ കാലമെന്നും കരുതലോടെയാണ് ഇനിയുള്ള രാഷ്ട്രീയച്ചുവട് വേണ്ടതെന്നും അവസാനകാലത്ത് വീരേന്ദ്രകുമാർ എഴുതിയ ലേഖനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. സോഷ്യലിസ്റ്റ് ഐക്യവും ഇടതുശക്തികളുടെ വളർച്ചയും രാജ്യം കാത്തിരിക്കുന്നുവെന്ന് ഓർമിപ്പിക്കുക മാത്രമല്ല, അതിനുള്ള ശ്രമങ്ങൾകൂടി ഒടുവിൽവരെ അദ്ദേഹം നടത്തിയിരുന്നു. ആ രാഷ്ട്രീയം പാതിവഴിയിൽ നിർത്തിയുള്ള മടക്കമല്ല വീരേന്ദ്രകുമാറിന്റേത്, ഇനിപോകേണ്ട വഴിയിലേക്കുള്ള വെളിച്ചം പകർന്നുതന്നാണ് അദ്ദേഹം യാത്രയാകുന്നത്.