തിരുവനന്തപുരം: ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച മോട്ടോർവാഹനമേഖലയിലെ സംഘടനകളുടെ പണിമുടക്ക്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ, ഓട്ടോ, ടാക്സി, ട്രക്കർ എന്നിവ മുടങ്ങിയേക്കും. ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബി.എം.എസ്. മാത്രമാണ് വിട്ടുനിൽക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.

കേരള സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തീയതി പിന്നീട് തീരുമാനിക്കും. പത്താംക്ലാസ്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മോഡൽ, പരീക്ഷകളും മാറ്റിവെച്ചു. ഇവ എട്ടിന് നടത്തും. സാങ്കേതിക സർവകലാശാലയും പരീക്ഷകൾ മാറ്റി. ടി.എച്ച്.എസ്.എൽ.സി. മോഡൽ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു. എട്ടിന് നടത്താനിരുന്ന പരീക്ഷകൾ ഒൻപതിലേക്കു മാറ്റി. സമയക്രമത്തിനും മറ്റു തീയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല. ആരോഗ്യശാസ്ത്ര സർവകലാശാലയുടെ മൂന്നാംവർഷ എം.എസ്.സി. മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെൻററി പരീക്ഷ മാർച്ച് ആറിലേക്ക്‌ മാറ്റി. വ്യാവസായിക പരിശീലന വകുപ്പിന്റെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾക്ക് മാറ്റമില്ല.

Content Highlight:  motor vehicle strike against fuel price hike