തിരുവനന്തപുരം: വാഹന പരിശോധനയ്ക്ക് മോട്ടോർവാഹനവകുപ്പ് വൈദ്യുത പട്രോളിങ് വാഹനങ്ങൾ നിരത്തിലിറക്കും. 14 വൈദ്യുത കാറുകളാണ് വാഹനപരിശോധനാ സ്‌ക്വാഡിന് നൽകുക. ഒരു മാസത്തിനുള്ളിൽ ഇവ സേഫ്‌ കേരള സ്‌ക്വാഡിന് കൈമാറും. വൈദ്യുത വാഹന നയത്തിന്റെ ഭാഗമായി വകുപ്പുകൾ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ അതിന്റെ 10 ശതമാനം വൈദ്യുത വാഹനങ്ങളാകണമെന്ന് തീരുമാനിച്ചിരുന്നു.

പരിശോധനയ്ക്ക് വൈദ്യുതവാഹനങ്ങൾ വാടകയ്ക്കെടുക്കാനായിരുന്നു ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ ടെൻഡർ മാനദണ്ഡങ്ങൾ നിശ്ചിയിക്കുന്നതിലെ ബുദ്ധിമുട്ടുകാരണം സ്വന്തമായി വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. സർക്കാർ വകുപ്പുകളൊന്നും വൈദ്യുത വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിക്കുന്നില്ല. അതിനാൽ വ്യവസ്ഥകളും നിശ്ചയിച്ചിട്ടില്ല. 14 കാറുകൾക്കും വേണ്ട ചാർജിങ് സെന്ററുകൾ സജ്ജീകരിക്കുക വാഹനനിർമാണ കമ്പനിയാണ്. സേഫ് കേരള സ്‌ക്വാഡിന്റെ ജില്ലാ കൺട്രോൾ റൂമുകളിലായിരിക്കും ഇവ വിന്യസിക്കുക.

ഇ-പോസ് മെഷിനുകൾ ജനുവരിയിൽ

വാഹനപരിശോധനാ സമയത്ത് ഓൺലൈനിൽ പിഴ സ്വീകരിക്കുന്ന ഇ-പോസ് മെഷീനുകളും ജനുവരിയിൽ സ്‌ക്വാഡിന് കൈമാറും. ഇതിൽ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം.

75 വാഹനങ്ങൾ വാടകയ്ക്കെടുക്കും

സേഫ് കേരള സ്‌ക്വാഡുകൾക്കുള്ള മറ്റു 75 വാഹനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ വാടകയ്‌ക്കെടുക്കും. ഇവ ലഭിച്ചാലുടൻ സ്‌ക്വാഡുകൾ 24 മണിക്കൂറും പരിശോധന നടത്തും.

Content Highlights: Motor Vehicle Department will deploy electric patrol vehicles for vehicle inspection