MVDതിരുവനന്തപുരം: ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന പലയിടത്തും രണ്ടുവര്‍ഷത്തിലേറെയായി മുടങ്ങി. ഇതുമൂലം സംസ്ഥാനത്തിന് നികുതിയിനത്തില്‍ വന്നത് കോടികളുടെ നഷ്ടം.

മോട്ടോര്‍വാഹനവകുപ്പിന് സംസ്ഥാനത്ത് 73 ഓഫീസുകളാണുള്ളത്. ഇതില്‍ 18 ആര്‍.ടി.ഓഫീസുകളില്‍ മാത്രമാണ് വാഹനപരിശോധനാ സംഘമുള്ളത്. 55 സബ് ഓഫീസുകളിലും സ്‌ക്വാഡില്ല.

അമിതജോലിഭാരംമൂലം വാഹനപരിശോധനയ്ക്ക് സമയം ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. സബ് ഓഫീസില്‍ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും (എം.വി.ഐ.) മൂന്ന് എ.എം.വി.ഐ.മാരുമാണുള്ളത്. ഒരു എം.വി.ഐ.യുടെ നേതൃത്വത്തില്‍ ഫീല്‍ഡ് വര്‍ക്കുകളായ ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്‌നസ് ടെസ്റ്റ്, അപകടപരിശോധന എന്നിവ ചെയ്യുന്നു. രണ്ടാമത്തെയാള്‍ക്ക് ഫാസ്റ്റ് ട്രാക്ക് ഉള്‍പ്പെടെ ഒട്ടേറെ ഓഫീസ് ജോലികളുണ്ടാകും.

അപേക്ഷ സ്വീകരിച്ച് അരമണിക്കൂറിനുള്ളില്‍ സേവനം നല്‍കുന്നതാണ് ഫാസ്റ്റ്ട്രാക്ക് സംവിധാനം. എം.വി.ഐ.മാരില്ലാത്തതിനാല്‍ മണിക്കൂറുകളോളം ജനത്തിന് കാത്തുനില്‍ക്കേണ്ടിവരുന്നു. പരാതി വ്യാപകമായതോടെ രണ്ടുവര്‍ഷംമുമ്പ് 55 എം.വി.ഐ.മാരുടെ തസ്തിക സൃഷ്ടിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സായ നികുതിപിരിച്ചെടുക്കലിന് ഇനിയും ആളിനെ നിയോഗിച്ചിട്ടില്ല.

വാഹനപരിശോധന കുറഞ്ഞതോടെ നികുതിവരുമാനത്തില്‍ വന്‍ഇടിവുണ്ടായി. രണ്ടുവര്‍ഷമായി മോട്ടോര്‍വാഹനവകുപ്പിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ നികുതി നടപ്പാക്കേണ്ടിവന്നത് ഇതിന്റെ ഭാഗമായാണ്. ഇതിലൂടെ നികുതിക്കുടിശ്ശികയുടെ വെറും 30 ശതമാനമടച്ച് ബാധ്യതകളില്‍ നിന്നൊഴിവാകാം.

ഇത് കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കുന്നത്. മാത്രമല്ല, പരിശോധനയും പിഴയീടാക്കലും നടക്കാതായതോടെ നിയമലംഘകരുടെയും നികുതിയൊടുക്കാത്തവരുടെയും എണ്ണവുംകൂടി.

2016-ല്‍ രണ്ടുകോടിയോളം രൂപയാണ് ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ വഴി മോട്ടോര്‍വാഹനവകുപ്പിന് ലഭിച്ചത്. എട്ടുകോടിയോളം രൂപ എഴുതിത്തള്ളി. 2015-ല്‍ ഏഴ് കോടിയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍വഴി കിട്ടിയത്. 28 കോടിയോളം എഴുതിത്തള്ളി.