കോഴിക്കോട്: പ്രസവസമയത്ത് ഗർഭിണികൾക്കൊപ്പം പ്രിയപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്ന ‘കംപാനിയൻ ഇൻ ലേബർ’ പദ്ധതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ചു. ഗർഭിണിയോടൊപ്പം പ്രസവമുറിയിൽ മാതാവ്, ഭർതൃമാതാവ്, സഹോദരി എന്നിവരിലൊരാൾക്ക് കൂടെനിൽക്കാം. പ്രസവസമയത്ത് അമ്മമാരിലെ ഉത്കണ്ഠയും ഭയവും കുറയ്ക്കുന്നതിലൂടെ സുഖപ്രസവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പ്രസവമുറിയുടെ നിലവാരം മെച്ചപ്പെടുത്തുന്ന കേന്ദ്രസർക്കാർ പദ്ധതിയായ ‘ലക്ഷ്യ’യുടെ ഭാഗമായുള്ള ഈ പദ്ധതി നവംബർ അഞ്ചിനാണ് ആരംഭിച്ചത്. സൗകര്യങ്ങൾ കൂടുമ്പോൾ ഭർത്താവിനെയും കൂട്ടിരിപ്പിനായി പരിഗണിക്കുമെന്ന് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ അറിയിച്ചു.

ഗർഭിണിക്ക് വൈകാരികവും മാനസികവുമായ പിന്തുണ നൽകാൻ കഴിയുന്നയാളാകണം കൂട്ടുനിൽക്കേണ്ടതെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. കൂട്ടിരിപ്പുകാർക്ക് ബോധവത്കരണം നൽകിയ ശേഷമായിരിക്കും പ്രസവമുറിയിൽ പ്രവേശിപ്പിക്കുക. പദ്ധതിയുടെ ആദ്യ ഘട്ടമായതിനാൽ ഒരേസമയം നാലു ഗർഭിണികളുടെ കൂട്ടിരിപ്പുകാരെ മാത്രമേ മുറിയിലേക്കു പ്രവേശിപ്പിക്കൂ.

രണ്ടുവർഷംമുമ്പ് ‘അരികെ’ എന്നപേരിൽ പുനലൂർ താലൂക്കാശുപത്രിയിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്. പാരിപ്പിള്ളി മെഡിക്കൽകോളേജിലും പദ്ധതി നടപ്പിലാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവും ശരാശരി 50 പ്രസവം നടക്കുന്നു. അതിൽ 15-ൽ താഴെ പ്രസവം ശസ്ത്രക്രിയയിലൂടെയാണ്.

Content Highlights: mother,mother in law, sister can accompanied in labor room in delivery time