ആലപ്പുഴ : കൊതുകിനെ ഉപയോഗിച്ചുതന്നെ ഇനി കൊതുകിനെ ‘കൊല്ലും’. അമേരിക്കയിലും സിങ്കപ്പൂരിലും പരീക്ഷിച്ചു വിജയിച്ച പദ്ധതി ഇന്ത്യയിലും പ്രായോഗികമാക്കാൻ ആലോചന തുടങ്ങി.
ഒരു പ്രദേശത്ത് ആൺകൊതുകുകളെ ഇറക്കി വംശനാശം വരുത്തുന്ന വിദ്യയാണ് പരീക്ഷിക്കുന്നത്. മെയിൽ സ്റ്റെറൈൽ മൊസ്കിറ്റോ ടെക്നിക് എന്നാണിതറിയപ്പെടുന്നത്.
പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ (വി.സി.ആർ.സി.) ഇതിനായുള്ള പരീക്ഷണത്തിലാണ്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കൊതുക് ഗവേഷണ കേന്ദ്രമാണിത്. ഇതിന്റെ കോട്ടയം കേന്ദ്രം ഈ വിഷയത്തിൽ പ്രാഥമിക പരിശോധന നടത്തി. രാസവസ്തുക്കളില്ലാതെ പ്രകൃത്യാതന്നെ ഇല്ലാതാക്കുന്നതിനു തുല്യമായ പദ്ധതിയായതിനാൽ എല്ലാതരത്തിലും വൻ നേട്ടമാണിതെന്ന് ഗവേഷകർ പറയുന്നു.
അഞ്ചുഘട്ടങ്ങൾ
*ആൺകൊതുകുകളെ വന്ധ്യംകരിക്കും
*കൊതുക് കൂടുതലുള്ള പ്രദേശത്ത് വന്ധ്യംകരിച്ചവയെ കൂടുതലായി ഇറക്കിവിടും.
*ഇവ പ്രദേശത്തെ പെൺകൊതുകുകളുമായി ഇണചേരും
*ഇവയ്ക്കുണ്ടാകുന്ന മുട്ട വിരിയില്ല
*ഇങ്ങനെ പ്രദേശത്ത് കൊതുകിന്റെ എണ്ണംകുറച്ച് ഇല്ലാതാക്കും
ആശങ്കകളുമുണ്ട്
സിങ്കപ്പൂർ, അമേരിക്ക എന്നിവിടങ്ങളിൽ കൊതുകിന്റെ സാന്ദ്രത കുറവാണ്. വളരെയധികം കൊതുകുള്ള കേരളംപോലുള്ള സ്ഥലങ്ങളിൽ ഇതു പ്രായോഗികമാണോയെന്നതാണ് ഏറ്റവും പ്രധാനമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. ടി.എസ്. അനീഷ് പറയുന്നു. ചെലവുകളുടെ താരതമ്യപഠനവും പരിശോധിക്കുന്നുണ്ട്.
അന്തിമപരിശോധന അനിവാര്യം
പരിസ്ഥിതി, കാലാവസ്ഥാ അതിജീവനം എന്നീ പരിശോധനകൾ വി.സി.ആർ.സി. നടത്തുന്നുണ്ട്. അതിനുശേഷമേ ഇവ ഇന്ത്യയിൽ പ്രയോഗിക്കുകയുള്ളൂ.
-ഡോ. എൻ. പ്രദീപ്, വി.സി.ആർ.സി. കൺസൾട്ടന്റ് കോട്ടയം