കൊച്ചി: മറൈൻഡ്രൈവിൽ യുവതിയെ ഫ്ളാറ്റിൽ തടങ്കലിൽവെച്ച് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിന്റെ അറസ്റ്റിന് വഴിതെളിച്ചത് സൃഹൃത്തുക്കളുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങൾ.

കൂട്ടാളികളായ തൃശ്ശൂർ പാവറട്ടി സ്വദേശി പറക്കാട്ടുവീട്ടിൽ ധനീഷ്(29), പുത്തൂർ സ്വദേശി കണ്ടിരുത്തി വീട്ടി ശ്രീരാഗ്(27), മുണ്ടൂർ സ്വദേശി പരിയാടൻ വീട്ടിൽ ജോൺ ജോയ്(28) എന്നിവർ വ്യാഴാഴ്ച രാവിലെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. മാർട്ടിന്റെ വീടിന് അടുത്തുള്ള തൃശ്ശൂർ മുണ്ടൂരിലെ ചതുപ്പ് പ്രദേശത്താണ് പോലീസ് തിരച്ചിൽ തുടങ്ങിയത്. ആദ്യം ഉച്ചയ്ക്ക് ഒരു ഒളിസങ്കേതത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവിടെനിന്ന് പ്രതി കടന്നിരുന്നു. രാത്രിയോടെ ആളൊഴിഞ്ഞ ഒരു വീട്ടിൽ മാർട്ടിൻ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ജൂൺ എട്ടിന് കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന്‌ മുങ്ങിയ പ്രതി ചതുപ്പ് പ്രദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. മാർട്ടിനെ കൊച്ചിയിൽനിന്ന് തൃശ്ശൂരിലേക്ക് പോകാൻ സഹായിച്ചത് രണ്ടാം പ്രതി ധനീഷാണ്. തൃശ്ശൂരിൽ ഇയാൾക്ക് ഒളിത്താവളവും ഭക്ഷണവും ഒരുക്കികൊടുത്തത് ശ്രീരാഗും ജോണും ചേർന്നായിരുന്നു. മാർട്ടിൻ കൊച്ചിയിൽനിന്ന് തൃശ്ശൂരിലേക്ക് കടക്കാൻ ഉപയോഗിച്ച ബി.എം.ഡബ്ല്യു. കാറടക്കം നാല് വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ കണ്ണൂർ സ്വദേശിനിയായ 27-കാരിയെ തടങ്കലിൽ വെച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു മാർട്ടിൻ. ഫെബ്രുവരി 15- മുതൽ മാർച്ച് എട്ട് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ചുവരുകയുമായിരുന്നു. ഇതിനിടെ യുവതിയെ മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ കൊണ്ടുപോയി മാർട്ടിൻ ലൈംഗികമായി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തിയ പ്രതി, ഫ്ളാറ്റിന് പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താൽ വീഡിയോ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഒടുവിൽ മാർട്ടിന്റെ കണ്ണുവെട്ടിച്ച് യുവതി ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ടു.

യുവതി നൽകിയ പരാതിയിൽ ഏപ്രിൽ എട്ടിന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകി. തുടർന്ന് യുവതി ജൂൺ ഏഴിന് പോലീസിനെതിരേ മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും വനിതാകമ്മിഷൻ അടക്കം പോലീസിനെ ശക്തമായി വിമർശിക്കുകയും ചെയ്തു. തുടർന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

: മാര്‍ട്ടിന്‍ ജോസഫ് ജൂൺ എട്ടുവരെ കൊച്ചിയിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി. ദ്യശ്യങ്ങൾ പുറത്തുവന്നു. പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല എന്ന യുവതിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ. ഫ്ളാറ്റിലെ ലിഫ്റ്റിൽ നിന്ന് ഇറങ്ങിപ്പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പരാതി ലഭിച്ചശേഷം പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു എന്ന് പറയുമ്പോഴാണ് നഗരത്തിലെതന്നെ ഒരു ഫ്ളാറ്റിൽ ഇയാൾ തങ്ങിയത്. ഏപ്രിൽ എട്ടിനാണ് യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. പരാതി നൽകാൻ വൈകിയതാണ് പ്രതിക്ക് ഒളിവിൽ പോകാൻ സഹായകരമായതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.