തിരുവനന്തപുരം: ഓട്ടോ, ടാക്സി ഉൾപ്പെടെയുള്ള സ്റ്റേജ് കോൺട്രാക്ട് വാഹനങ്ങൾക്ക് നികുതി അടയ്ക്കാനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ലോക്ഡൗൺ കാരണം വാഹനങ്ങൾ ഓടാത്തത് പരിഗണിച്ചാണിത്. ഇവയുടെ നികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീട് ചർച്ചചെയ്ത് തീരുമാനിക്കാമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

രണ്ടാം കോവിഡ് പാക്കേജിൽ ചെറുകിട വ്യാപാരികൾക്കും ടൂറിസം മേഖലയ്ക്കും കുറഞ്ഞപലിശയ്ക്ക് വായ്പനൽകും. കയർ, ഖാദി-കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾക്കും പ്രത്യേകം പദ്ധതി രൂപവത്കരിക്കും. പഴവർഗ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ സഹകരണ ബാങ്കുകളിലൂടെ നാലുശതമാനം പലിശയ്ക്ക് വായ്പനൽകും. ക്ഷേമനിധി അംഗങ്ങൾക്ക് ആയിരം രൂപവീതം 1100 കോടി ഉടൻ വിതരണം ചെയ്യും. വാക്സിൻ സൗജന്യമായി നൽകുമെന്ന കേന്ദ്ര പ്രഖ്യാപനത്തിന്റെ വ്യക്തതയ്ക്ക് കാത്തിരിക്കുകയാണ് സംസ്ഥാനം. അതിനാൽ വാക്സിൻ വാങ്ങാൻ ആയിരംകോടി രൂപ നീക്കിവെച്ചതിൽ ഇപ്പോൾ മാറ്റംവരുത്തില്ല.

നികുതിക്കുടിശ്ശിക ഇളവുകളോടെ ഒറ്റത്തവണ ഒടുക്കാനുള്ള ആംനസ്റ്റി പദ്ധതിയിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31-ൽ നിന്ന് നവംബർ 30-ലേക്ക്‌ നീട്ടി. ടേൺഓവർ ടാക്സിലെ കുടിശ്ശിക അടയ്ക്കാനുള്ള ഓപ്ഷൻ നൽകേണ്ട സമയവും ജൂൺ 30-ൽനിന്ന് സെപ്റ്റംബർ 30 ആയി നീട്ടി. നികുതി ഒടുക്കാനുള്ള തീയതി ജൂലായ് 31-ൽനിന്ന് ഒക്ടോബർ 31-ലേക്ക്‌ നീട്ടി.